സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പുകളില്ല, എന്നാല്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത


തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ട്. ഇന്ന് ഒരു ജില്ലകളിലും ഔദ്യോഗികമായി മഞ്ഞ അല്ലെങ്കില്‍ ഓറഞ്ച് അലർട്ടുകള്‍ ഉള്‍പ്പെടെയുള്ള മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.എന്നാല്‍, സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കു കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള കേരള തീരത്തിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് കാരണം.
അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരം തോതിലോ ഉള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അറബിക്കടലിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടല്‍, വടക്കൻ ഒമാൻ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Post a Comment

Previous Post Next Post