ആലക്കോട് മേഖലയിൽ ഓർഡിനറി ബസുകൾ തീരെ കുറവ്; വനിതകൾക്ക് സൗജന്യ യാത്ര കുടിയാൻമലയ്ക്ക് കോട്ടപ്പൊന്ന്!

ആലക്കോട്/ നടുവിൽ:സംസ്ഥാന സർക്കാരിന്റെ വനിതകൾക്കുള്ള സൗജന്യ കെ.എസ്.ആർ.ടി.സി. ബസ് യാത്രാ പദ്ധതി വഴി വലിയ നേട്ടത്തിനൊരുങ്ങി ആലക്കോട് - കുടിയാൻമല മേഖലയിലെ ജനങ്ങൾ. ജില്ലയിലെ ഏക ദേശസാൽകൃത റൂട്ടായ ആത്തുപുറം - നടുവിൽ - കുടിയാൻമല റൂട്ടിലാണ് 14 ഓളം ബസുകൾ സർവീസ് നടത്തുന്നത്. ഇതിൽ 13 ഓർഡിനറി ബസുകളിലും ഇനി മുതൽ വനിതകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. ഒരു ബസ് മാത്രമാണ് ഇരിട്ടി വഴി പാലായിലേക്കുള്ള സൂപ്പർ ഫാസ്റ്റ് സർവീസ്.
നാലര പതിറ്റാണ്ടായി കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടാണിത്. കണക്കക്കുന്ന്, വലിയരിക്കമല, പൊട്ടൻപ്ലാവ്, വൈതൽമല, മണ്ടളം, പുലിക്കുരുമ്പ തുടങ്ങിയ മലയോര മേഖലകളിലേക്ക് ഇവിടെ നിന്നാണ് സർവീസുകളുള്ളത്.

സർവീസുകൾ ഇങ്ങനെ:

 * രാവിലെ നാലുമണിയോടെ കുടിയാൻമലയിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. തുടർന്ന് രാത്രി ഒൻപത് മണി വരെ സർവീസുകൾ ലഭ്യമാണ്.
 * രണ്ട് ബസുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്നു.
 * ഈ റൂട്ടിൽ സർവീസ് നടത്തുന്ന 11 ബസുകളും കണ്ണൂർ ഡിപ്പോയുടേതാണ്. രണ്ട് ബസുകൾ പയ്യന്നൂർ ഡിപ്പോയുടേതുമാണ്.
 * മുൻപ് സർവീസ് നടത്തിയിരുന്ന മൂന്ന് ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകൾ നിർത്തലാക്കി പകരം ഓർഡിനറി സർവീസുകൾ ആരംഭിച്ചതാണ് ഇപ്പോൾ കുടിയാൻമലക്കാർക്ക് വലിയ അനുഗ്രഹമായി മാറിയിരിക്കുന്നത്. ശരാശരി 13,000 രൂപയോളം വരുമാനമാണ് ഓർഡിനറി ബസുകളിൽ നിന്ന് ഈ റൂട്ടിൽ ലഭിക്കുന്നത്.

വിനോദസഞ്ചാരികൾക്കും പ്രയോജനകരം

പാലക്കയംതട്ട്, വൈതൽമല, ഏഴരക്കുണ്ട് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്ന വനിതാ യാത്രികർക്കും ഈ യാത്രാ സൗജന്യം ഏറെ ഗുണം ചെയ്യും. ഇത് മലയോര മേഖലയിലെ ടൂറിസം രംഗത്ത് വലിയ ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ വിമലക്കൊരുന്ന് ദിവ്യകാരുണ്യ ദൈവാലയത്തിൽ എത്തുന്ന നൂറുകണക്കിന് വിശ്വാസികൾക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.

മലയോരത്ത് കെ.എസ്.ആർ.ടി.സി. കുറവ്

ചെമ്പേരി, ആലക്കോട്, മണക്കടവ് തുടങ്ങിയ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ വളരെ കുറവാണ്. ഉള്ളവ തന്നെ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകളായതിനാൽ ഈ റൂട്ടുകളിലെ സ്ത്രീകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം പരിമിതമായി മാത്രമേ ലഭിക്കൂ. മാനന്തവാടി, സുൽത്താൻ ബത്തേരി ഡിപ്പോകളിൽ നിന്ന് കാസർകോട് ജില്ലയിലെ മലയോര ടൗണുകളിലേക്ക് അഞ്ച് കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നുണ്ട്. മലയോര ഹൈവേ വഴി കടന്നുപോകുന്ന ഇവയിൽ മൂന്നെണ്ണം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് ബസുകളായതിനാൽ ഈ ബസുകളിൽ മാത്രമേ സൗജന്യ യാത്രയ്ക്ക് സാധുതയുള്ളൂ.

ആലക്കോട് മേഖലയിൽ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾ തീരെ കുറവാണ്  ഉള്ളവ തന്നെ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ്, സൂപ്പർ ഫാസ്റ്റ് ബസുകളായതിനാൽ ഈ റൂട്ടുകളിലെ സ്ത്രീകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം പരിമിതമായി മാത്രമേ ലഭിക്കൂ.
ആലക്കോട് - ചെറുപുഴ - ചിറ്റാരിക്കാൽ ഭാഗങ്ങളിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ ഇല്ലെന്നുതന്നെ പറയാം  സ്വകാര്യ ബസ് സർവീസുകൾ മാത്രമുള്ള ഈ ഭാഗങ്ങളിലെ യാത്രികരുടെ ഏക ആശ്രയം പ്രൈവറ്റ് ബസുകളാണ്  അതിനാൽ കെ.എസ്.ആർ.ടി.സി.യിലെ ഈ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട് . കൂടാതെ കെ.എസ്.ആർ.ടി.സി. ഓടുന്ന റൂട്ടുകളിലെ സ്വകാര്യ ബസ് ഉടമസ്ഥർക്കും ജീവനക്കാർക്കും ഇത് തിരിച്ചടിയായേക്കാം

തിരക്ക് കൂടുമെന്ന് ആശങ്ക

സൗജന്യ യാത്ര തുടങ്ങുന്നതോടെ വരും ദിവസങ്ങളിൽ കുടിയാൻമലയിലേക്കുള്ള ബസുകളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു തളിപ്പറമ്പിൽ നിന്നും ഒടുവള്ളി വഴി കുടിയാൻമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസുകളിൽ കൂടുതൽ ആളുകൾ കയറാൻ സാധ്യതയുണ്ട്. സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്നവർ കൂടി ഇങ്ങോട്ട് മാറുന്നതോടെ ബസുകളിൽ കടുത്ത തിരക്കാകും. ഇത് പുരുഷ യാത്രികർക്ക് കയറാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കിയേക്കുമെന്ന ആശങ്കയും ഈ റൂട്ടിലെ സ്ഥിരം യാത്രക്കാർ പങ്കുവെക്കുന്നുണ്ട്.

Post a Comment

Previous Post Next Post