തിരുവനന്തപുരം: കേരളത്തില്‍ കാലവർഷത്തിന്റെ തീവ്രത കുറയുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രണ്ട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.എറണാകുളം, കോട്ടയം ജില്ലകളിലാണ് നിലവില്‍ യെല്ലോ അലർട്ട് ജാഗ്രതാ നിർദ്ദേശമുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ എവിടെയും നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും തന്നെയില്ല.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കാലാവസ്ഥാ വകുപ്പ് 'ശക്തമായ മഴ' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനാണ് സാധ്യത പ്രവചിക്കുന്നത്. നാളെ (ബുധനാഴ്ച) സംസ്ഥാനത്തെ ഒരു ജില്ലയിലും നിലവില്‍ മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.
Post a Comment