മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരില്‍ ദേശീയപാത 66-ലുണ്ടായ അതിദാരുണമായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
റോഡരികില്‍ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ഇവരുടെ ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്നു ഇവർ.
രാത്രി 11.40-ഓടെ കനത്ത മഴയുള്ള സമയത്തായിരുന്നു അപകടം സംഭവിച്ചത്. ശക്തമായ മഴയില്‍ നിയന്ത്രണം വിട്ട കാർ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിൻഭാഗത്തേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതുഭാഗം പൂർണ്ണമായും തകർന്നുപോയി.
അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഉടൻ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയെത്തുടർന്നുണ്ടായ കാഴ്ചമറവായിരിക്കാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post a Comment