ഫിഫ പുരുഷ ലോകകപ്പ് ചരിത്രത്തില്‍ പുതിയൊരു അധ്യായം കൂടി കുറിച്ച് ചെക്ക് റിപ്പബ്ലിക് - ദക്ഷിണാഫ്രിക്ക പോരാട്ടം.ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു അമേരിക്കൻ വനിത പ്രധാന റഫറിയായി പുരുഷന്മാരുടെ മത്സരം നിയന്ത്രിക്കുന്നത്. 39-കാരിയായ ടോറി പെൻസോയാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. നിലവിലെ ലോകകപ്പില്‍ വനിതാ റഫറിമാർ കളി നിയന്ത്രിക്കുന്ന ആദ്യ മത്സരം കൂടിയാണിത്. പ്രധാന റഫറിയായ പെൻസോയ്ക്ക് പുറമെ അസിസ്റ്റന്റ് റഫറിമാരായ ബ്രൂക്ക് മായോ, കാതറിൻ നെസ്ബിറ്റ് എന്നിവരും അമേരിക്കയില്‍ നിന്നുള്ള വനിതകളായിരുന്നു.
പുരുഷന്മാരുടെ ലോകകപ്പില്‍ പൂർണ്ണമായും വനിതാ റഫറിമാർ കളി നിയന്ത്രിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിനുമുമ്പ് 2022-ലെ ഖത്തർ ലോകകപ്പിലെ ജർമ്മനി - കോസ്റ്ററിക്ക മത്സരമായിരുന്നു സ്റ്റെഫനി ഫ്രപ്പാർട്ട്, ന്യൂസ ബെക്ക്, കാരെൻ ഡയസ് എന്നിവരടങ്ങുന്ന വനിതാ സംഘം നിയന്ത്രിച്ചത്. ആ ചരിത്ര നിരയിലേക്കാണ് ഇപ്പോള്‍ ടോറി പെൻസോയും സംഘവും വിസിലൂതി നടന്നു കയറിയത്.
ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ സമനില
ചരിത്രപരമായ റഫറിയിംഗിന് സാക്ഷ്യം വഹിച്ച ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ദക്ഷിണാഫ്രിക്ക സമനിലയില്‍ തളച്ചു (1-1). കളിയുടെ തുടക്കത്തില്‍ തന്നെ ആധിപത്യം സ്ഥാപിച്ച ചെക്ക് റിപ്പബ്ലിക് ആറാം മിനിറ്റില്‍ മികേല്‍ സാദിലെകിലൂടെ ആദ്യ ഗോള്‍ നേടി മുന്നിലെത്തിയിരുന്നു.
Post a Comment