കാസർഗോഡ്: കാഞ്ഞങ്ങാട്ട് ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിവില്‍ പോലീസ് ഓഫീസർ പിലിക്കോട് സ്വദേശി കെ.എം.
സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി.
നേരത്തേ ഇടതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. വലതുകാലിന് 70 ശതമാനത്തോളം പരിക്കുണ്ടായിരുന്നു. ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടർന്നാണ് വലതുകാലും മുറിച്ചുമാറ്റിയത്.
അതേസമയം ഇതേ അപകടത്തെ തുടർന്ന് കാല്‍ മുറിച്ചുമാറ്റിയ മറ്റൊരു സിവില്‍ പോലീസ് ഓഫീസർ ചിറ്റാരിക്കാല്‍ കുന്നുംകൈയിലെ അലോഷ്യസ് മാത്യുവിനെ ഐസി.യുവില്‍നിന്ന് മുറിയിലേക്കു മാറ്റി. മംഗളൂരു തേജസ്വിനി ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്.
ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ സിവില്‍ പോലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. ഈ മാസം 18-നായിരുന്നു അപകടം. ദേശീയപാതയില്‍ പടന്നക്കാട്ട് വാഹനപരിശോധനയ്ക്കായി റോഡരികില്‍ പോലീസ് ജീപ്പ് നിർത്തിയിട്ടശേഷം അതിനു പിറകില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.
Post a Comment