ദമ്മാം: സൗദി കിഴക്കന്‍ പ്രിവിശ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മണോലി വീട്ടില്‍ സജീം (45), കണ്ണൂര്‍ ചെറുകുന്ന് കണ്ടി വളപ്പില്‍ ലക്ഷ്മണന്‍-കനകലത ദമ്പതികളുടെ മകന്‍ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടോടെ ദഹ്‌റാന്‍-ജുബൈല്‍ ഹൈവേയില്‍ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.
ദമ്മാമില്‍ സ്വന്തമായി വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുകയാണ് സജീം. ഇദ്ദേഹത്തിന് കീഴിലെ ജീവനക്കാരനായിരുന്നു ശ്രീലേഷ്. റാസ്തന്നൂറയില്‍ നിന്നും ദമ്മാമിലേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ കാറിലേക്ക് ഒരു സ്വദേശി യുവാവിന്റെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ടു തെറിച്ചുപോയ കാര്‍ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് വീണു.
പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ഇരുവരേയും ഏറെ പ്രയത്‌നിച്ചാണ് പോലിസ് പുറത്തെടുത്തത്. അപകടസ്ഥലത്തുവെച്ചുതന്നെ ചോരവാര്‍ന്ന് സജീം മരിച്ചു. ഗുരുതര പരിക്കുകളോടെ ശ്രീലേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി വൈകിയിട്ടും ഇരുവരും തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് പുലര്‍ച്ചെ ഒന്നോടെ സുഹൃത്തുക്കള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോഴാണ് ഖത്വീഫ് പോലിസില്‍ നിന്നും അപകടവിവരം അറിയുന്നത്.
നിലവില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച ശ്രീലേഷിന്റെ ഏക സഹോദരന്‍ ശ്രീരാഗ് അഞ്ച് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് മരിച്ചത്. അനുജന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ത്തന്നെ ശ്രീലേഷും വിടപറഞ്ഞത് കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമായി. പിതാവ് ലക്ഷ്മണന്‍ ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ഇളയ മകന്‍ ശ്രീരാഗിന്റെ മരണത്തോടെ രോഗബാധിതയായ അമ്മ കനകലത വീടിന് പുറത്തിറങ്ങാറില്ലായിരുന്നു.
Post a Comment