കോഴിക്കോട്: കാലവർഷം കലിതുള്ളിയെത്തിയതോടെ സംസ്ഥാനത്ത് ഇന്നലെ കനത്ത നാശം. അതിശക്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്താകെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്.
കാസർകോട് ആദൂരില്‍ കനത്ത മഴയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ദാരുണമായി മരണപ്പെട്ടു. തൃശ്ശൂർ മണലൂരില്‍ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ് വിഷ്ണു എന്ന യുവാവാണ് മരിച്ചത്.എറണാകുളം പട്ടിമറ്റത്ത് കൂട്ടുകാരോടൊപ്പം ചിറയില്‍ കുളിക്കാനിറങ്ങിയ കൊല്ലം മയ്യനാട് സ്വദേശിയായ നബീല്‍ എന്ന വിദ്യാർത്ഥിയും വെള്ളത്തില്‍ മുങ്ങിമരിച്ചു.
മറ്റൊരു ദാരുണ അപകടമുണ്ടായത് കോഴിക്കോട് ജില്ലയിലാണ്. കുറ്റ്യാടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് അമ്മയും മകനും മരണപ്പെട്ടു. ഫാർമസിസ്റ്റായ രമ്യ, ഇവരുടെ ഏഴ് വയസുകാരനായ മകൻ ശിവനന്ദ് എന്നിവരാണ് പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ജീവൻ വെടിഞ്ഞത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വ്യാപക നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തില്‍ വലിയ തോതിലുള്ള ജാഗ്രതാ നിർദേശമാണ് അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലർട്ട്
07/06/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
08/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
09/06/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Post a Comment