ഇനി കളറാക്കിക്കോ... ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറ്റാം; സര്‍ക്കാര്‍ നിയമഭേദഗതിക്ക് ശുപാര്‍ശ നല്‍കി സ്റ്റേറ്റ് ട്രാൻസ്‌പോര്‍ട്ട് അതോറിറ്റി


തിരുവനന്തപുരം:  സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നിലവിലുള്ള ഏകീകൃത വെള്ള നിറം മാറ്റാൻ അനുമതി നല്‍കിക്കൊണ്ട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കി.
ബസ്സുകളുടെ നിറവും റോഡ് സുരക്ഷയും തമ്മില്‍ ശാസ്ത്രീയമായ യാതൊരു ബന്ധവുമില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ തീരുമാനം.ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. 2022 ഒക്ടോബറില്‍ പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് - കെ.എസ്.ആർ.ടി.സി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തില്‍ കോണ്‍ട്രാക്‌ട് കാര്യേജ് ബസ്സുകള്‍ക്ക് വെള്ള നിറം നിർബന്ധമാക്കിയത്.
മുൻപ് ടൂറിസ്റ്റ് ബസുകളില്‍ സിനിമാതാരങ്ങളുടെ വലിയ പോസ്റ്ററുകളും, കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്‌സുകളും ഉപയോഗിച്ചിരുന്നു. ഇത്തരം അലങ്കാരങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുമെന്ന വിലയിരുത്തലിലാണ് വിദേശരാജ്യങ്ങളിലെ മാതൃക പിന്തുടർന്ന് രാത്രിയും പകലും എളുപ്പത്തില്‍ തിരിച്ചറിയാൻ കഴിയുന്ന വെള്ള നിറം കേരളത്തിലും അടിച്ചേല്‍പ്പിച്ചത്.
ബസ്സുകള്‍ ആകർഷകമാക്കാൻ വേണ്ടി ബസുടമകള്‍ക്കിടയില്‍ നിലനിന്നിരുന്ന കടുത്ത മത്സരത്തിനൊടുവിലാണ് മുൻപ് വാഹനങ്ങള്‍ക്കുള്ളില്‍ ഡിജെ പാർട്ടികള്‍ക്ക് സമാനമായ ഡാൻസ് ഫ്ലോറുകളും, ലേസർ ലൈറ്റുകളും, നിയമവിരുദ്ധമായ മ്യൂസിക് സിസ്റ്റങ്ങളും സ്ഥാപിച്ചിരുന്നത്.
വടക്കഞ്ചേരി അപകടത്തിന് ശേഷം നടന്ന കർശനമായ വകുപ്പുതല പരിശോധനകളിലൂടെയാണ് ഇത്തരം അമിത ലൈറ്റുകളും ശബ്ദസംവിധാനങ്ങളും പല വർണങ്ങളിലുള്ള ഗ്രാഫിക്സുകളും നിരോധിച്ചത്.

Post a Comment

Previous Post Next Post