ഡെസ്‌ക്‌ടോപ്പ് ആപ്പ് വേണ്ട, ഇനി ബ്രൗസറിലൂടെ നേരിട്ട് വിളിക്കാം; ഗ്രൂപ്പ് കോളിങ് ഫീച്ചറുമായി വാട്‌സ്‌ആപ്പ് വെബ്


ലണ്ടൻ:  സ്മാർട്ട്ഫോണുകളിലും ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലും മാത്രം ലഭ്യമായിരുന്ന ഗ്രൂപ്പ് വോയ്‌സ്-വീഡിയോ കോളിങ് സംവിധാനം ഇനിമുതല്‍ വാട്‌സ്‌ആപ്പ് വെബ്ബിലും ലഭ്യമാകും.
ബ്രൗസറിലൂടെ നേരിട്ട് വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവർക്ക് മറ്റ് ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ഗ്രൂപ്പ് കോളുകള്‍ ചെയ്യാൻ സഹായിക്കുന്ന വിപ്ലവകരമായ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. വാട്‌സ്‌ആപ്പിലെ പുതിയ അപ്‌ഡേറ്റുകളെയും പരീക്ഷണങ്ങളെയും കുറിച്ച്‌ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ വെബ്‌സൈറ്റായ 'വാബീറ്റാഇൻഫോ' ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
നിലവില്‍ വാട്‌സ്‌ആപ് വെബ്ഗ്രൂ വഴി ഗ്രൂപ് കോള്‍ ചെയ്യാൻ ശ്രമിച്ചാല്‍ ഡെസ്‌ക്‌ടോപ്പ് ആപ് ഡൗണ്‍ലോഡ് ചെയ്യാനുള്ള നിർദേശമാണ് ലഭിക്കാറുള്ളത്. എന്നാല്‍, പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ബ്രൗസറില്‍ നിന്ന് തന്നെ നേരിട്ട് കോളുകള്‍ ചെയ്യാനാകും. നിലവില്‍ തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്കായി ഈ ഫീച്ചർ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. മൊബൈല്‍ ആപ്പിലേതിന് സമാനമായി വാട്‌സ്‌ആപ് വെബ്ബിലും ഒരേസമയം 32 പേർക്ക് വരെ ഗ്രൂപ് കോളില്‍ പങ്കുചേരാനാകും.
പഴയ സംവിധാനത്തില്‍ ഗ്രൂപ് കോള്‍ ചെയ്യുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവരിലേക്കും ഒരേസമയം കോളുകള്‍ പോകുമായിരുന്നു. എന്നാല്‍, പുതിയ അപ്‌ഡേറ്റില്‍ കോള്‍ ചെയ്യുന്നതിന് മുമ്പ് ഗ്രൂപ്പില്‍ നിന്ന് ആർക്കൊക്കെ കോള്‍ ചെയ്യണമെന്ന് ഉപയോക്താവിന് പ്രത്യേകമായി തിരഞ്ഞെടുക്കാൻ സാധിക്കും. വോയ്‌സ് കോള്‍, വിഡിയോ കോള്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനുകളും ഇതിലുണ്ടാകും. പൂർണമായും 'എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ്' ആയതിനാല്‍ ഈ കോളുകള്‍ സുരക്ഷിതമായിരിക്കും.
കോളിംഗിന് പുറമെ സ്‌ക്രീൻ ഷെയറിങ്, കോള്‍ ലിങ്കുകള്‍ തുടങ്ങിയ സവിശേഷതകളും വാട്‌സ്‌ആപ് വെബ്ബിലേക്ക് എത്തുന്നുണ്ട്. ഗ്രൂപ് വിഡിയോ കോളുകള്‍ക്കിടയില്‍ നിങ്ങളുടെ കമ്പ്യൂട്ടർ സ്‌ക്രീൻ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാൻ സാധിക്കും. പ്രസന്റേഷനുകള്‍ക്കും ഡോക്യുമെന്റുകള്‍ വിശദീകരിക്കാനും ഇത് ഉപകരിക്കും. വോയ്‌സ് കോളുകളില്‍ ഈ ഫീച്ചർ ലഭ്യമാകില്ല. മാത്രമല്ല, കോളിലേക്ക് ആളുകളെ എളുപ്പത്തില്‍ ക്ഷണിക്കാൻ ലിങ്കുകള്‍ നിർമിച്ച്‌ നല്‍കാം. ലിങ്ക് ലഭിക്കുന്ന ആർക്കും കോളില്‍ കയറാം എന്നതിനാല്‍ വിശ്വസ്തരായവർക്ക് മാത്രമേ ഇത് പങ്കുവെക്കാവൂ.

Post a Comment

Previous Post Next Post