മുവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയില്‍ വിവാഹസല്‍ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മലയാളി യുവാവും പൈലറ്റും മരിച്ചു.
മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയില്‍ ഫിജി ജോർജ്-ഫേബ ദമ്പതികളുടെ മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. അമേരിക്കയില്‍ ഡെല്‍റ്റ എയർലൈൻസ് പൈലറ്റായിരുന്നു ഡേവ്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വധു ജെസ്നി ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടില്‍ സാമിന്റെയും ഷീലയുടെയും മകളാണ് ജെസ്നി. മരിച്ച പൈലറ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജോർജിയ ഡോസണ്‍ കൗണ്ടിയില്‍ അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 8 മണി) ദരുണമായ സംഭവം. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെത്തുടർന്ന് നിയന്ത്രണം വിട്ട ഹെലികോപ്റ്റർ മരച്ചില്ലയില്‍ ഇടിച്ച് വിജനപ്രദേശമായ ഡോസണ്‍വില്ലയിലെ മൗണ്ട് വെർനണ്‍ ഡ്രൈവിന് സമീപം തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഡേവിനും പൈലറ്റിനും ഗുരുതരമായി പരുക്കേല്‍ക്കുകയും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയുമായിരുന്നുവെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
തുണയായത് വധുവിന്റെ അസാധാരണ മനക്കരുത്ത്
അപകടത്തെ തുടർന്ന് ബോധരഹിതയായ ജെസ്നി, അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷം ബോധം വീണ്ടെടുത്തപ്പോഴാണ് അപകടവിവരം പുറംലോകം അറിയുന്നത്. വിജനമായ സ്ഥലത്ത് തകർന്നുവീണ ഹെലികോപ്റ്ററില്‍ നിന്നും ജെസ്നി തന്നെയാണ് ഹെല്‍പ്പ്ലൈൻ നമ്പറില്‍ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തെക്കുറിച്ച് അമേരിക്കൻ നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡേവിന്റെ മാതാപിതാക്കളായ ഫിജിയും ഫേബയും അമേരിക്കയില്‍ ആരോഗ്യരംഗത്താണ് ജോലി ചെയ്യുന്നത്. മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായി ഒരു മാസം മുൻപാണ് ഫിജി നാട്ടിലെത്തി മടങ്ങിയത്. നിയമനടപടികള്‍ പൂർത്തിയാക്കി ഡേവ് ഫിജിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നാണ് വിവരം. സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച അറ്റ്ലാന്റയില്‍ നടക്കും.
Post a Comment