സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം: ജൂണ്‍ 30 വരെ വൈകിട്ട് 6 മുതല്‍ 12 വരെ, കരുതിയിരിക്കുക


തിരുവനന്തപുരം:  സംസ്ഥാനത്ത് ജൂണ്‍ 30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി കെഎസ്‌ഇബി അറിയിച്ചു.
എല്‍നിനോ പ്രതിഭാസം മൂലമുണ്ടായ കടുത്ത ഉഷ്ണവും വൈദ്യുതിയുടെ ആവശ്യം കുത്തനെ കൂടിയതും കാരണം സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നേരിടുന്നത്.
മുൻപ് മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂണ്‍ 16 മുതല്‍ തിരികെ നല്‍കേണ്ടതുണ്ട്. മണ്‍സൂണ്‍ ആരംഭിച്ചിട്ടും മഴ വേണ്ടത്ര ശക്തിപ്പെടാത്ത സാഹചര്യത്തില്‍ വൈദ്യുതിയുടെ ആവശ്യം 4900 മെഗാവാട്ട് വരെ ഉയർന്നു.
ദൈനംദിന വൈദ്യുതി ഉപഭോഗത്തില്‍ 10 ദശലക്ഷം യൂണിറ്റിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സാഹചര്യം വിലയിരുത്തുന്നതിനായി വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു.
പവർ എക്സ്ചേഞ്ചുകളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞത് പ്രതിസന്ധി വർധിപ്പിച്ചിട്ടുണ്ട്. ദൈനംദിന കരാറുകള്‍ വഴി പരമാവധി വൈദ്യുതി ലഭ്യമാക്കാൻ മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്.
ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കെഎസ്‌ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജൂണ്‍ 16ന് രാത്രി ചിലയിടങ്ങളില്‍ നേരിയ തോതില്‍ നിയന്ത്രണം നടപ്പിലാക്കിയിരുന്നു. വരും ദിവസങ്ങളിലും സ്ഥിതിഗതികള്‍ക്കനുസരിച്ചുള്ള ക്രമീകരണങ്ങള്‍ തുടരുമെന്ന് കെഎസ്‌ഇബി അറിയിച്ചു.

Post a Comment

Previous Post Next Post