മലപ്പുറം അരീക്കോട്ടെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ലഹരി ശൃംഖലയെ ലക്ഷ്യമിട്ട് നടത്തിയ മിന്നല്‍ റെയ്ഡില്‍ കോളജ് വിദ്യാർഥിനിയുള്‍പ്പെടെ നാലംഗ സംഘം പൊലീസ് പിടിയിലായി.
ഇവരില്‍ നിന്ന് 14.120 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
സംസ്ഥാനവ്യാപകമായി ലഹരി മാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന 'ഓപറേഷൻ തൂഫാന്റെ' ഭാഗമായായിരുന്നു നടപടി.മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തെ തുടർന്ന് അരീക്കോട് പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ നീക്കത്തിലാണ് അരീക്കോട് കൈപ്പകുളത്തുള്ള സ്വകാര്യ ലോഡ്ജ് മുറിയില്‍ നിന്ന് പ്രതികള്‍ വലയിലാകുന്നത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.
പൂക്കളത്തൂർ സ്വദേശി വാര്യംകുന്നത്ത് വീട്ടില്‍ മുഹമ്മദ് ദില്‍ഷാദ്, പൂക്കളത്തൂർ തൃപ്പനച്ചി സ്വദേശി കുന്നിക്കല്‍ വീട്ടില്‍ ഷഹല്‍ നമാസ്, കാരാപറമ്പ് കൂട്ടാവ് സ്വദേശി മുണ്ടിയൻ കുന്നത്ത് വീട്ടില്‍ സജ്മീർ, കൊല്ലം അഞ്ചല്‍ സ്വദേശിനി ഫിദ മൻസ്സില്‍ വീട്ടില്‍ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. ഇതില്‍ ഫിദാ ഫാത്തിമ കോളജ് വിദ്യാർഥിനിയാണ്. അറസ്റ്റിലായവരില്‍ രണ്ട് പേർ മുമ്പും ലഹരിമരുന്ന് കേസുകളില്‍ പെട്ട് ജാമ്യത്തിലിറങ്ങിയവരാണെന്ന് പൊലീസ് വ്യക്തമാക്കി.
മഞ്ചേരി, അരീക്കോട് ഉള്‍പ്പെടെയുള്ള മലപ്പുറത്തെ വിവിധ പ്രദേശങ്ങളില്‍ ലഹരിമരുന്ന് എത്തിച്ച് കോളജ് വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്ന ലഹരി ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
Post a Comment