ദില്ലി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയില്‍ നടക്കുന്ന ചർച്ചകള്‍ ക്ലൈമാക്സിലേക്ക്.നേരത്തെ അറിയിച്ചിരുന്നതില്‍ നിന്ന് വിപരീതമായി രാഹുല്‍ ഗാന്ധി കൂടി യോഗത്തില്‍ നേരിട്ട് പങ്കെടുക്കുന്നതോടെ ഇന്നത്തെ ചർച്ചയില്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാല്‍, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് രംഗത്തുള്ളത്. ഭൂരിഭാഗം എം എല്‍ എമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഘടകകക്ഷികള്‍ വി.ഡി. സതീശനെ പിന്തുണയ്ക്കുമ്പോള്‍, തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ വി.ഡി. സതീശൻ - രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കടുത്ത നിലപാട് സ്വീകരിക്കും. മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റ് യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് സതീശൻ പക്ഷം വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയുടെ ഭാഗമാകാൻ താനില്ലെന്ന് ചെന്നിത്തല തന്റെ അടുത്ത വൃത്തങ്ങളെ അറിയിച്ചതായാണ് വിവരം. കെ പി സി സിയുടെ പൊതുവായ നിലപാടറിയാൻ സണ്ണി ജോസഫിനെയും ഹൈക്കമാൻഡ് വിളിപ്പിച്ചിട്ടുണ്ട്.
ഭൂരിപക്ഷ പിന്തുണ കെ.സി. വേണുഗോപാലിന് അനുകൂലമാവുകയും അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്താല്‍ കേരള കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Post a Comment