ചര്‍ച്ച കഴിഞ്ഞു; മുഖ്യമന്ത്രി തീരുമാനമായില്ല


ഡല്‍ഹി: കേരളത്തില്‍ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവാതെ എഐസിസി. വി.ഡി. സതീശൻ, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരാണ് കേരളത്തില്‍നിന്ന് ഡല്‍ഹിയിലെത്തി യോഗത്തില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധി, ദീപാദാസ് മുൻഷി, കേരളത്തിലെ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കൻ എന്നിവരും യോഗത്തിലുണ്ടായിരുന്നു.
ചർച്ചകള്‍ക്കു ശേഷം പുറത്തിറങ്ങിയ ദീപാദാസ് മുൻഷിയാണ് തീരുമാനം ഹൈക്കമാൻഡ് പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കിയത്. തർക്കവിഷയത്തില്‍ എന്തെങ്കിലും തീരുമാനമായെന്ന സൂചനയും അവർ നല്‍കിയിട്ടില്ല. കേരളത്തിലെ സ്ഥിതി സങ്കീർണമാണെന്ന് നിരീക്ഷകർ നേരത്തെ ഹൈക്കമാൻഡിനു റിപ്പോർട്ട് നല്‍കിയിരുന്നു.
അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും വിട്ടിരിക്കുന്നു എന്നാണ് ദീപാദാസ് മുൻഷി പറയുന്നത്. ഉചിതമായ സമയത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി.
പാർട്ടി പ്രവർത്തകർ നേതാക്കള്‍ക്കു വേണ്ടി ചേരി തിരിഞ്ഞ് തെരുവിലിറങ്ങരുതെന്ന വികാരമാണ് ചർച്ചയ്ക്കു ശേഷം വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും മാധ്യമങ്ങള്‍ക്കു മുന്നില്‍ പങ്കുവച്ചത്.

Post a Comment

Previous Post Next Post