പയ്യന്നൂർ: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ പയ്യന്നൂരില്‍ അട്ടിമറി വിജയം ഉറപ്പിച്ച് വി.
കുഞ്ഞികൃഷ്ണൻ. പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച കുഞ്ഞികൃഷ്ണൻ 12 റൗണ്ടുകള്‍ പൂർത്തിയാകുമ്പോള്‍ 4,751 വോട്ടുകളുടെ വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ്. സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ ടി.ഐ. മധുസൂദനൻ പരാജയത്തിന്റെ വക്കിലാണ്.പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ടി.ഐ. മധുസൂദനനും പാർട്ടി നേതൃത്വത്തിനുമെതിരെ പരാതി ഉന്നയിച്ചതിനെത്തുടർന്നാണ് വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്. അഴിമതിക്കെതിരെ നിലകൊണ്ട മുൻ ഏരിയ സെക്രട്ടറിക്ക് പയ്യന്നൂരിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമായാണ് ഈ മുന്നേറ്റത്തെ വിലയിരുത്തുന്നത്.
ഇനി വോട്ടെണ്ണാനുള്ളത് യുഡിഎഫിന്റെ ഉറച്ച ശക്തികേന്ദ്രമായ ചെറുപുഴ പഞ്ചായത്തിലെ വോട്ടുകളാണ്. ഇത് കൂടി എണ്ണിക്കഴിയുമ്പോള്‍ കുഞ്ഞികൃഷ്ണന്റെ ഭൂരിപക്ഷം ഇനിയും വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പതിറ്റാണ്ടുകളായി സിപിഎം അല്ലാതെ മറ്റൊരു പാർട്ടിയും വിജയിക്കാത്ത പയ്യന്നൂർ മണ്ഡലത്തില്‍ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി മുന്നേറുന്നത് എല്‍ഡിഎഫിന് വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിജയമുറപ്പിച്ചതോടെ യുഡിഎഫ് പ്രവർത്തകരും വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരും പയ്യന്നൂരില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനാണ് ജനങ്ങള്‍ വോട്ട് നല്‍കിയതെന്ന് യുഡിഎഫ് നേതൃത്വം പ്രതികരിച്ചു. പയ്യന്നൂരിലെ ഈ ജനവിധി കേരളത്തിലെമ്പാടുമുള്ള വോട്ടെണ്ണല്‍ ഫലങ്ങളില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായി മാറുകയാണ്.
Post a Comment