ഫുട്‌ബോള്‍ ലോകകപ്പ്: ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സി എന്റര്‍ടൈന്‍മെന്റ്‌സ്


ഡല്‍ഹി: മെക്‌സിക്കോ, യുഎസ്‌എ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന 2026-ലെ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം ഒടുവില്‍ സീ എന്റര്‍ടൈന്‍മെന്റ്‌സ് സ്വന്തമാക്കിയതായി വിവരം.
ഇതോടെ ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ഫുട്‌ബോള്‍ പ്രേമികളുടെ ആശങ്കകള്‍ക്കും വിരാമമായിരിക്കുകയാണ്. ജൂണ്‍ 12-ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സീ എന്റര്‍ടൈന്‍മെന്റ്‌സ് ആയിരിക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ മാധ്യമങ്ങളെ അറിയിച്ചു.
ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്നോടിയായി സീ എന്റര്‍ടെയ്ന്‍മെന്റ് പുതിയ ഏഴ് സ്‌പോര്‍ട്‌സ് ചാനലുകള്‍ ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ 'യുണൈറ്റഡ്-8 സ്‌പോര്‍ട്‌സ്' എന്ന പേരില്‍ അവര്‍ ട്രേഡ്മാര്‍ക്കിനായി അപേക്ഷ നല്‍കിയിട്ടുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 3035 മില്യണ്‍ യുഎസ് ഡോളറിന് തുല്യമായ കരാറാണ് ഫിഫയുമായി കമ്പനി ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് തങ്ങളുടെ സ്വീകരണമുറികളിലിരുന്നും ക്ലബുകളിലും വലിയ സ്‌ക്രീനുകളിലുമൊക്കെയായി മത്സരങ്ങള്‍ തടസ്സമില്ലാതെ കാണാനാകും.

Post a Comment

Previous Post Next Post