സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; കാലവര്‍ഷം നാലുദിവസത്തിനകം കേരളത്തിലെത്തും!


തിരുവനന്തപുരം: കേരളത്തില്‍ കാലവർഷം നാലുദിവസത്തിനുള്ളില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.നിലവില്‍ ലക്ഷദ്വീപ്, കന്യാകുമാരി തീരങ്ങളിലേക്ക് കാലവർഷം വ്യാപിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ ശക്തമായിട്ടുണ്ട്. രാജ്യത്താകമാനം ഇത്തവണ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനമായ എല്‍ നിനോ പ്രതിഭാസം സജീവമാകാൻ സാധ്യതയുള്ളതിനാല്‍ മഴ ലഭ്യത ശരാശരിയേക്കാള്‍ താഴാൻ 60 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നല്‍കുന്നു.
ജൂണില്‍ മഴ തീരെ കുറഞ്ഞാല്‍ കേരളത്തില്‍ വരാനിരിക്കുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകളും ഇതിനകം ഉയർന്നിട്ടുണ്ട്. മേയ് 26-ന് എത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന കാലവർഷം നേരിയ താമസത്തോടെയാണ് എത്തുന്നത്. കാലവർഷത്തിന്റെ വരവിന് മുന്നോടിയായി സംസ്ഥാനത്ത് ജൂണ്‍ അഞ്ച് വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post