തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസുകാരൻ കൊല്ലപ്പെട്ട സംഭവത്തില്‍ പുറത്തുവരുന്നത് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍.ക്രൂരമായ പീഡനങ്ങള്‍ക്കാണ് കുഞ്ഞ് ഇരയായിട്ടുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ ആകെ 51 മുറിവുകളാണ് കണ്ടെത്തിയത്. ഇതില്‍ ജനനേന്ദ്രിയത്തിലടക്കം ആഴത്തിലുള്ള പരിക്കുകളും, കാലുകളില്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച പാടുകളും അടങ്ങുന്നു. നേരത്തെ കുഞ്ഞിന്റെ കൈ ഒടിഞ്ഞപ്പോഴാണ് അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്ന സംശയം ബന്ധുക്കള്‍ക്ക് തോന്നുന്നത്. കുഞ്ഞിന്റെ അച്ഛന്റെ മരണശേഷമാണ് അമ്മ അഖില കുഞ്ഞുമായി മാറിത്താമസിക്കാൻ തുടങ്ങിയത്. കൊടുംക്രൂരതയ്ക്ക് പിന്നാലെ അറസ്റ്റിലായ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു കുഞ്ഞിന്റെ അച്ഛന്റെ കുടുംബാംഗങ്ങള്‍. കുട്ടിയെ വിട്ടുനല്‍കാമെന്ന് അഖിലയുടെ ബന്ധുക്കള്‍ ഉറപ്പ് നല്‍കിയിരുന്നതായും അച്ഛന്റെ വീട്ടുകാർ വ്യക്തമാക്കുന്നു. കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ പോലീസ് പൂർത്തിയാക്കുന്നത്.
Post a Comment