വടക്കൻ കേരളത്തില്‍ മഴ തിമിര്‍ക്കും; ഈ ജില്ലക്കാര്‍ സൂക്ഷിക്കുക, ഇന്നത്തെ കാലാവസ്ഥ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പല പ്രദേശങ്ങളിലും മഴ ശക്തമാകാൻ (Kerala Rain Alert) സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍മഴയാണ് ലഭിക്കുന്നത്. ഇതേതുടർന്ന് അസഹനീയമായി നിലനിന്നിരുന്ന ചൂടിന് അല്പം ആശ്വാസമായിട്ടുണ്ട്. എന്നാലും പല പ്രദേശങ്ങളും ഇനിയും മഴ ലഭിക്കാത്തത് വലിയ വെല്ലുവിളിയാണ്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഈ മാസം എട്ടാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മുന്നറിയിപ്പുള്ളതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സാധാരണയായി ഉച്ചയ്ക്ക് ശേശമുള്ള സമയങ്ങളിലാണ് ഇടിയും മിന്നലും അനുഭവപ്പെടുന്നത്. അതിനാല്‍ ഇടിമിന്നലിൻ്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ തുറസായ സ്ഥലത്ത് നില്‍ക്കുകയോ മലമുകളിലോ മറ്റോ പോകുകയോ ചെയ്യരുത്.
അതേസമയം, സംസ്ഥാനത്ത് ഇന്നെവിടെയും അലർട്ടുകള്‍ നല്‍കിയിട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പക്ഷേ നാളെയും എട്ടാം തീയതിയും മഴ മുന്നറിയിപ്പുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കാലാവസ്ഥയിലെ മാറ്റം അനുസരിച്ച്‌ വരും മണിക്കൂറില്‍ ഈ പ്രവചനം മാറിമറിഞ്ഞേക്കാം. നിലവിലുള്ള മഴ മുന്നറിയിപ്പ് ശക്തമല്ലാത്തതിനാല്‍ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post