ധോണി ഇന്ന് ചെപ്പോക്കില്‍ ഇറങ്ങുമോ? ആരാധകര്‍ കാത്തിരുന്ന ആ 'വിരമിക്കല്‍' മത്സരം ഇന്നാണെന്ന് സൂചന


ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന് ഇന്ന് ജീവൻമരണ പോരാട്ടമാണ്. പ്ലേഓഫില്‍ കടക്കാൻ മത്സരം സിഎസ്‌കെയ്‌ക്ക് ജയിച്ചേ തീരൂ.സണ്‍റൈസേഴ്സ് ഹൈദരാബാദാണ്‌ എതിരാളികള്‍. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന സീസണിലെ ടീമിന്റെ അവസാന ഹോം മാച്ചുകൂടിയാണിത്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യത്തിലാണ്. ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി ഇന്ന് കളിക്കാനിറങ്ങുമോ? അദ്ദേഹത്തിന്റെ വിരമിക്കല്‍ മത്സരമായിരിക്കുമോ ഇന്ന് നടക്കുന്നത് എന്നിങ്ങനെയുള്ള ചർച്ചകളാണ് നടക്കുന്നത്.
പരിക്കിനെ തുടർന്ന് ഇതുവരെ സീസണിലെ ഒരു മത്സരത്തില്‍ പോലും ധോണി കളിച്ചിട്ടില്ല. എന്നാല്‍, തന്റെ അവസാന ട്വന്റി-20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് വർഷങ്ങള്‍ക്ക് മുൻപ് ധോണി തന്നെ പറഞ്ഞിരുന്നതിനാല്‍ ഇന്നത്തെ മത്സരം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മത്സരമായിരിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പരിക്കുകള്‍ കാരണം താരം വിട്ടുനിന്നെങ്കിലും ഇന്നലെ വൈകുന്നേരം ചെപ്പോക്കില്‍ നെറ്റ് പ്രാക്ടീസ് നടത്തിയത് ആരാധകരില്‍ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ധോണി കളിച്ചില്ലെങ്കില്‍ പോലും ഇന്നത്തെ മത്സരശേഷം ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഒരുപക്ഷേ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം ചെന്നൈ മണ്ണില്‍ വച്ച്‌ ഇന്ന് ഉണ്ടായേക്കുമെന്നാണ് ആരാധകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്. അതേസമയം, ഇംപാക്‌ട് പ്ലെയർ ആയി ധോണിയിറങ്ങാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Post a Comment

Previous Post Next Post