രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകള്‍ നാളെ മുതല്‍ തുടർച്ചയായ ദിവസങ്ങളില്‍ അടഞ്ഞുകിടക്കും.വാരാന്ത്യ അവധികളും ഉത്സവ ദിനങ്ങളും ജീവനക്കാരുടെ പണിമുടക്കും ഒത്തു വന്നതോടെയാണ് ഈ വലിയ അവധി വരുന്നത്. മെയ് 23 മുതല്‍ മെയ് 27 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ബാങ്ക് ശാഖകള്‍ പ്രവർത്തിക്കില്ല. മെയ് 23 നാലാം ശനിയാഴ്ചയും മെയ് 24 ഞായറാഴ്ചയുമായതിനാല്‍ പൊതു അവധിയാണ്. ഇതിന് പിന്നാലെ മെയ് 25, 26 തീയതികളില്‍ എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മെയ് 27-ന് ബക്രീദ് പ്രമാണിച്ചും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ചിലയിടങ്ങളില്‍ മെയ് 28-നാണ് ബക്രീദ് അവധി എന്നതിനാല്‍ തുടർച്ചയായി ആറ് ദിവസം വരെ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ അടിയന്തര ഇടപാടുകള്‍ ഉള്ളവർ ബാങ്ക് ശാഖകളുമായി എത്രയും വേഗം ബന്ധപ്പെടണം. എന്നാല്‍ ബാങ്ക് അടഞ്ഞുകിടക്കുമ്പോഴും ഓണ്‍ലൈൻ ബാങ്കിംഗ്, യുപിഐ സേവനങ്ങള്‍ എന്നിവ തടസ്സമില്ലാതെ ലഭ്യമായിരിക്കും.
ബാങ്ക് അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുമെങ്കിലും, സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മുന്നേറ്റമാണ് എസ്ബിഐ കാഴ്ചവെക്കുന്നത്. ബാങ്കിന്റെ 2026 ജനുവരി – മാർച്ച് ത്രൈമാസ പ്രവർത്തനഫലം പുറത്തുവന്നപ്പോള്‍ വൻ ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാർച്ച് പാദത്തില്‍ മാത്രം 19,684 കോടി രൂപയുടെ ലാഭവും 44,380 കോടി രൂപയുടെ വരുമാനവും നേടാൻ എസ്ബിഐക്ക് സാധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ ലാഭത്തിലും പലിശ വരുമാനത്തിലും വാർഷിക വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് നേരിയ ഇടിവ് പ്രകടമാണ്.
Post a Comment