ജൽജീവൻ മിഷൻ: കുടിവെള്ളം പൈപ്പിൽ വരുമോ എന്നറിയില്ല, പക്ഷെ വണ്ടി കുഴിയിൽ വീഴുമെന്ന് 100% ഉറപ്പ്!


തളിപ്പറമ്പ്: മലയോര മേഖലയിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ (JJM) പദ്ധതി പ്രദേശവാസികൾക്ക് ദുരിതയാത്ര സമ്മാനിക്കുന്നു. പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനായി പ്രധാന റോഡുകളെല്ലാം അശാസ്ത്രീയമായി വെട്ടിപ്പൊളിച്ചതാണ് മലയോര മേഖലയെ ചളിക്കുളമാക്കിയത്. ഉളിക്കൽ, പയ്യാവൂർ, ഏരുവേശ്ശി, നടുവിൽ, ചപ്പാരപ്പടവ്, ആലക്കോട്, ഉദയഗിരി, ചെറുപുഴ തുടങ്ങിയ മലയോര പഞ്ചായത്തുകളിലെ പ്രധാന പാതകളിലാണ് ഇപ്പോൾ പൈപ്പിടൽ പ്രവൃത്തികൾ നടക്കുന്നത്.
മലയോര ഹൈവേ, മണക്കടവ്-മണക്കടവ് ടൗൺ, മണക്കടവ്-മൈലാടി കാമ്പ് അതിർത്തി റോഡ്, ഒടുവള്ളി-കുടിയാൻമല റോഡ് തുടങ്ങിയ പ്രധാന റോഡുകളെല്ലാം വെട്ടിപ്പൊളിച്ച നിലയിലാണ്. മഴ ശക്തമാകുന്നതോടെ ഈ റോഡുകളെല്ലാം പൂർണ്ണമായും ചെളിയിൽ മുങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കാൽനടയാത്രയും വാഹനഗതാഗതവും ദുഷ്കരം
പലയിടങ്ങളിലും റോഡിന്റെ ഒരു വശം പൂർണ്ണമായി വെട്ടിപ്പൊളിച്ചാണ് വലിയ വ്യാസമുള്ള പൈപ്പുകൾ ഇറക്കിവെച്ചിരിക്കുന്നത്. ഇത് കാരണം കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ പോലുമാകാത്ത അവസ്ഥയാണ്. റോഡിന്റെ വശങ്ങളിൽ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത് വാഹനങ്ങൾ അരികൊതുക്കുന്നതിനും വലിയ തടസ്സമുണ്ടാക്കുന്നു.
ചെമ്പേരി, മണക്കടവ് ടൗണുകളിൽ പൈപ്പുകൾ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതോടെ ജനങ്ങൾ ദുരിതത്തിലായി. വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം പകുതിയായി കുറഞ്ഞതായി വ്യാപാരികൾ പരാതിപ്പെടുന്നു. പൈപ്പുകൾ മണ്ണിനടിയിൽ സ്ഥാപിച്ച് മുകൾഭാഗം മൺതിട്ട മാത്രമായി ഇട്ടിരിക്കുകയാണ്. കോൺക്രീറ്റ് ചെയ്യാനോ തകർന്ന റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാനോ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

മണ്ണ് ഉറയ്ക്കാതെ കോൺക്രീറ്റ് ചെയ്താൽ റോഡ് പെട്ടെന്ന് തകരാൻ സാധ്യതയുണ്ട്. ചെമ്പേരിയിൽ കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. ബസ് കുഴിയിൽ താഴ്ന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. പൈപ്പുകളുമായി വന്ന ലോറി മറിഞ്ഞും കഴിഞ്ഞ ദിവസം അപകടമുണ്ടായി.


ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വഴി ശുദ്ധജലം എത്തിക്കുന്നതിനുള്ള ജൽജീവൻ മിഷൻ പദ്ധതിക്ക് വലിയ തുകയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ 71 പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് 3585.52 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. തുകയുടെ 45 ശതമാനം കേന്ദ്രവിഹിതവും 15 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. ബാക്കി തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 2026 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

വെട്ടിപ്പൊളിക്കുന്നത് കോടികൾ ചിലവഴിച്ച റോഡുകൾ

മലയോര ജനതയുടെ സ്വപ്ന പദ്ധതികളുടെ ഭാഗമായി കോടികൾ ചിലവഴിച്ച് നിർമ്മിച്ച റോഡുകളാണ് ജൽജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്നത്. മലയോര ഹൈവേയുടെ ഉൾപ്പെടെ 50 കിലോമീറ്ററോളം ഭാഗത്താണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. 2021-ലാണ് ഈ റോഡിന്റെ ഉദ്ഘാടനം നടന്നത്. 250 കോടി രൂപയായിരുന്നു നിർമ്മാണ ചിലവ്. ടാറിങ് കഴിഞ്ഞ് മൂന്നോ നാലോ വർഷം മാത്രമായ റോഡുകൾ ഇങ്ങനെ വെട്ടിപ്പൊളിക്കുന്നത് ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പദ്ധതികൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന് കാരണമെന്നും, പൈപ്പിടൽ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നും നാട്ടുകാരും ഡ്രൈവർമാരും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post