സ്കൂള്‍ പിള്ളേര്‍ക്ക് ഈ വര്‍ഷം കൊറിയ മാത്രം മതി, പക്ഷേ രക്ഷിതാക്കളുടെ പോക്കറ്റ് കീറും


കോട്ടയം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ കൊറിയൻ സ്‌റ്റൈല്‍ സ്‌കൂള്‍ ബാഗുകള്‍ക്ക് വിപണിയില്‍ ഡിമാൻഡ്.
അഞ്ചാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികള്‍ക്കിടയിലാണ് ഇത്തരം ബാഗുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത. ഭാരം കുറഞ്ഞതും പിങ്ക്, ആകാശനീല, ക്രീം തുടങ്ങിയ നിറങ്ങളിലുമുള്ള ഇറക്കുമതി ബാഗുകള്‍ക്കാണ് പ്രിയം. പെണ്‍കുട്ടികളാണ് കൂടുതല്‍ ആവശ്യക്കാർ.
ഗുണമേന്മയേറിയ കൊറിയൻ ബാഗുകള്‍ക്ക് 900 രൂപ മുതലാണ് വില. ചില പ്രീമിയം മോഡലുകള്‍ക്ക് 3,000 രൂപവരെയാണ്. മിക്കി മൗസ്, അവഞ്ചേഴ്‌സ്, സ്‌പൈഡർമാൻ, ബാർബി ഡോള്‍, ബെൻടെൻ തുടങ്ങി കുട്ടികളുടെ ഇഷ്ട കാർട്ടൂണ്‍ കഥാപാത്രങ്ങള്‍ പതിച്ച ബാഗുകളുമുണ്ട്. ബാഗുകള്‍ക്കൊപ്പം പെൻസില്‍ കേസ്, പൗച്ച്‌, മറ്റ് സ്‌കൂള്‍ ഉപകരണങ്ങള്‍ എന്നിവ ഓണ്‍ലൈനായി വ്യാപകമായി ഓർഡർ ചെയ്യുന്നുണ്ട്. ഇതില്‍ പലതും പ്രാദേശിക വിപണിയില്‍ ലഭ്യമല്ല.
15 - 20 ശതമാനം വില വർദ്ധന
ബാഗുകളുടെ വില കഴിഞ്ഞ വർഷത്തേക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ വർദ്ധിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതാണ് വില വർദ്ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. സ്‌കൂളുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് നിയന്ത്രണം വന്നതോടെ സ്റ്റീല്‍ വാട്ടർ ബോട്ടിലുകള്‍ക്കും ടിഫിൻ ബോക്‌സുകള്‍ക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്. സ്റ്റീല്‍ ബോട്ടിലുകള്‍ക്ക് 300 രൂപ വരെ വിലയുണ്ട്.

Post a Comment

Previous Post Next Post