ഈ ഒരു ലക്ഷണം കണ്ടാല്‍ എസിയില്‍ ഗ്യാസ് ലീക്ക് ഉണ്ട്: അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍


വേനല്‍ക്കാലം കടുക്കുന്നതോടെ നമ്മുടെ വീടുകളില്‍ പകലും രാത്രിയും ഒരുപോലെ സജീവമാകുന്ന ഒന്നാണ് എയർ കണ്ടീഷണറുകള്‍.

എന്നാല്‍ കടുത്ത ചൂടില്‍ നിന്ന് നമുക്ക് ആശ്വാസം നല്‍കുന്ന എസി കൃത്യമായ പരിചരണമില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പണിമുടക്കാം. പലപ്പോഴും അശ്രദ്ധമായ ഉപയോഗം കാരണമാണ് എസികള്‍ക്ക് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുന്നത്. തുടർച്ചയായി ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് മെഷീൻ അമിതമായി ചൂടാകാൻ കാരണമാകും. ഇതുമാത്രമല്ല, എസിയുടെ ഇൻഡോർ, ഔട്ട്ഡോർ യൂണിറ്റുകളുടെ വയറിംഗില്‍ ഉണ്ടാകുന്ന ബലക്കുറവ് വലിയ അപകടങ്ങളിലേക്കും തീപിടുത്തത്തിലേക്കും വരെ നയിച്ചേക്കാം.
അല്പം ശ്രദ്ധയും കമ്പനികള്‍ നല്‍കുന്ന കൃത്യമായ നിർദ്ദേശങ്ങളും പാലിച്ചാല്‍ വലിയ സാമ്പത്തിക നഷ്ടങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും എസിയെ സംരക്ഷിക്കാൻ സാധിക്കും.
തുടർച്ചയായി ദീർഘനേരം എസി പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക. ഇത് മെഷീൻ അമിതമായി ചൂടാകാൻ കാരണമായേക്കാം. ദീർഘനേരം പ്രവർത്തിപ്പിക്കേണ്ടി വരികയാണെങ്കില്‍, മുറിയിലെ സാഹചര്യം അനുസരിച്ച്‌ താപനില 22°C നും 25°C നും ഇടയില്‍ ക്രമീകരിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. വളരെ കുറഞ്ഞ താപനില ക്രമീകരിക്കുന്നത് എസി സിസ്റ്റത്തിന് അമിത സമ്മർദ്ദം ഉണ്ടാക്കും.
എസിയുടെ ഇൻഡോർ, ഔട്ട്ഡോർ വയറിംഗ് കണക്ഷനുകള്‍ ശക്തമായി സുരക്ഷിതമാക്കിയിരിക്കണമെന്നും, കണക്ഷൻ ടെർമിനലുകളില്‍ നിന്ന് കേബിള്‍ വലിഞ്ഞുപോകാത്ത രീതിയില്‍ കൃത്യമായി റൂട്ട് ചെയ്യണമെന്നും എല്‍ജിയുടെ (LG) മാന്യുവലില്‍ വ്യക്തമാക്കുന്നുണ്ട്. കണക്ഷനുകളിലെ ബലക്കുറവ് അമിതമായി ചൂട് ഉണ്ടാകാനും തീപിടുത്തത്തിനും കാരണമായേക്കാം.

സർക്യൂട്ട് ബ്രേക്കറും ഫ്യൂസും നല്ല നിലയിലാണെന്ന് ഉറപ്പുവരുത്തുക.
നിങ്ങളുടെ പ്രദേശത്ത് അടിക്കടി വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കില്‍, ഒരു സ്റ്റെബിലൈസർ സ്ഥാപിക്കുന്നത് പരിഗണിക്കുക. ഇത് എസിയിലേക്ക് സ്ഥിരമായ വൈദ്യുതപ്രവാഹം നല്‍കി ഉപകരണത്തെ സംരക്ഷിക്കും. എന്നാല്‍ ഇൻവെർട്ടർ എസികള്‍ക്ക് (Inverter ACs) സാധാരണയായി ഇതിന്റെ ആവശ്യമില്ല.
കോപ്പർ പൈപ്പുകളില്‍ പച്ച നിറത്തിലുള്ള തുരുമ്പ് വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഔട്ട്ഡോർ കംപ്രസ്സർ യൂണിറ്റിലെ കോപ്പർ പൈപ്പുകളില്‍ വലിയ അളവില്‍ പച്ച നിറത്തിലുള്ള തുരുമ്പോ നാശമോ കാണപ്പെടുന്നത് ഗ്യാസ് ലീക്കിന്റെ ലക്ഷണമാകാം.
എസിയുടെ സെറ്റപ്പില്‍ വരുത്തുന്ന എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ ഇൻസ്റ്റാളേഷനോ ഒക്കെ അംഗീകൃത സർവീസ് സെന്ററുകളുടെ സഹായത്തോടെ മാത്രം ചെയ്യുക. കൃത്യമായ ഇടവേളകളില്‍ എസി സർവീസ് ചെയ്യേണ്ടത് അനിവാര്യമാണ്. എയർ ഫില്‍ട്ടറുകളില്‍ അടിയുന്ന പൊടി പതിവായി വൃത്തിയാക്കണമെന്ന് ഹയറും നിർദ്ദേശിക്കുന്നുണ്ട്. കാരണം ഇത് വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും സിസ്റ്റത്തിന്മേല്‍ അമിത സമ്മർദ്ദം ചെലുത്തുകയും ചെയ്യും.

Post a Comment

Previous Post Next Post