തിയറ്ററുകളില്‍ 'ദൃശ്യം 3' തരംഗം; 7 ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍; രണ്ടാം വാരത്തിലും അഞ്ഞൂറോളം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും തിയറ്ററുകളില്‍ വൻ ഹിറ്റിലേക്ക് കുതിക്കുന്നു.
മെയ് 21-ന് പ്രദർശനത്തിനെത്തിയ ചിത്രം റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 200 കോടിയിലധികം രൂപയാണ് നേടിക്കഴിഞ്ഞത്. മോഹൻലാല്‍ നായകനായി 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 3. 'എമ്പുരാൻ', 'തുടരും' എന്നീ ചിത്രങ്ങളാണ് ഇതിനുമുമ്പ് ഈ ചരിത്രനേട്ടം കൈവരിച്ച മറ്റ് മോഹൻലാല്‍ ചിത്രങ്ങള്‍. റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും കേരളത്തില്‍ മാത്രം അഞ്ഞൂറോളം തിയറ്ററുകളിലാണ് ചിത്രം വിജയകരമായി പ്രദർശനം തുടരുന്നത്.
മലയാള സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റവും കൂടുതല്‍ കാത്തിരുന്ന റിലീസുകളില്‍ ഒന്നായിരുന്നു ദൃശ്യം 3. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും സമ്മാനിച്ച വൻ വിജയവും അതുണ്ടാക്കിയ വലിയ പ്രതീക്ഷകളുമാണ് ഈ കാത്തിരിപ്പിന് പിന്നില്‍. തങ്ങളുടെ കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോർജുകുട്ടിയും കുടുംബവും ഇത്തവണ പോലീസ് പിടിയിലാകുമോ, അതോ നാലാം ക്ലാസുകാരന്റെ കൂർമബുദ്ധിയോടെ ജോർജുകുട്ടി വീണ്ടും രക്ഷപ്പെടുമോ എന്നറിയാനായിരുന്നു പ്രേക്ഷകർക്ക് ആകാംഷ. വൈകാരികമായ മുഹൂർത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. പ്രവചനങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലുള്ള തകർപ്പൻ പ്രകടനമാണ് ദൃശ്യം 3 തിയറ്ററുകളില്‍ കാഴ്ചവെയ്ക്കുന്നത്.

Post a Comment

Previous Post Next Post