ഗെയ്‌ലിന്റെ സിക്സര്‍ റെക്കോഡ് തകര്‍ത്തു; വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവംശി


ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറി കൈയെത്തും ദൂരത്ത് നഷ്ടമായെങ്കിലും സിക്സറുകളുടെ എണ്ണത്തില്‍ പുതിയ ചരിത്രമെഴുതി കൗമാര വിസ്മയം വൈഭവ് സൂര്യവംശി.ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന സർവ്വകാല റെക്കോഡാണ് വെറും പതിനഞ്ചുകാരനായ വൈഭവ് സ്വന്തമാക്കിയത്. യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്‌ലിന്റെ 14 വർഷം പഴക്കമുള്ള റെക്കോഡാണ് ഈ വെടിക്കെട്ട് പ്രകടനത്തിലൂടെ തകർന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണ്ണായക എലിമിനേറ്റര്‍ മത്സരത്തിലാണ് വൈഭവ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന ക്രിസ് ഗെയ്‌ലിന്റെ (30 പന്ത്) റെക്കോഡ് വൈഭവ് മറികടക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചെങ്കിലും, 29-ാമത്തെ പന്തില്‍ 97 റണ്‍സെടുത്തു നില്‍ക്കെ താരം പുറത്താവുകയായിരുന്നു. ചരിത്രനേട്ടത്തിനരികെ വെച്ച്‌ സെഞ്ച്വറി നഷ്ടമായതിന്റെ കടുത്ത നിരാശയോടെയാണ് താരം കളിക്കളം വിട്ടത്. എന്നാല്‍ അപ്പോഴേക്കും സിക്സറുകളുടെ എണ്ണത്തില്‍ താരം ഗെയ്‌ലിനെ പിന്നിലാക്കിയിരുന്നു.
ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്‍പ് 53 സിക്സറുകളായിരുന്നു വൈഭവിന്റെ സമ്പാദ്യം. മത്സരത്തില്‍ പന്ത്രണ്ട് സിക്സറുകള്‍ കൂടി അടിച്ചുകൂട്ടിയതോടെ ഈ സീസണിലെ താരത്തിന്റെ ആകെ സിക്സറുകളുടെ എണ്ണം 65 ആയി ഉയർന്നു. 2012-ലെ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 59 സിക്സറുകള്‍ അടിച്ചുകൂട്ടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 2019-ല്‍ 52 സിക്സറുകള്‍ നേടിയ മുൻ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രെ റസലാണ് ഈ പട്ടികയില്‍ മൂന്നാമതുള്ളത്.

Post a Comment

Previous Post Next Post