തിരഞ്ഞെടുപ്പ് കഴിയാൻ കാത്ത് എണ്ണക്കമ്പനികള്‍; ഇന്ധനവില ലിറ്ററിന് 28 രൂപ വരെ കൂടിയേക്കാം

വിവിധ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവിലയില്‍ വൻ വർധനവിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പെട്രോളിനും ഡീസലിനും ലിറ്ററിന് 25 രൂപ മുതല്‍ 28 രൂപ വരെ വർധിച്ചേക്കാമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.എന്തുകൊണ്ട് ഈ വിലക്കയറ്റം?
രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളറിലേക്ക് ഉയർന്നിരിക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കില്‍ ഗതാഗതം തടസ്സപ്പെട്ടതാണ് ഇതിന് പ്രധാന കാരണം. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും ഈ പാതയിലൂടെയാണ് നടക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ പോയ കപ്പലുകള്‍ക്ക് നേരെ ഇറാൻ വെടിയുതിർക്കുകയും കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ ഈ വഴിയുള്ള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
ആശ്വാസം ഏപ്രില്‍ 29 വരെ മാത്രം
അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയർന്നിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സർക്കാർ വില വർധന തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 29-ന് അവസാന ഘട്ട വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ വില വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികള്‍ക്ക് അനുമതി ലഭിച്ചേക്കും.
പശ്ചിമേഷ്യയിലെ സംഘർഷം അയഞ്ഞില്ലെങ്കില്‍, വോട്ടെടുപ്പ് അവസാനിച്ചാലുടൻ ലിറ്ററിന് 25 രൂപ മുതല്‍ 28 രൂപ വരെ വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവില്‍ എണ്ണക്കമ്പനികള്‍ക്ക് ഓരോ മാസവും ഏകദേശം 27,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഇത്രയും വലിയ ബാധ്യത തുടരാനാവാത്തതിനാല്‍ വോട്ടെടുപ്പിന് ശേഷം ഇന്ധനവിലയില്‍ വലിയ വർധനവ് ഉണ്ടായേക്കാം.

Post a Comment

Previous Post Next Post