അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ഏപ്രില്‍ 28 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു.52 ദലിത് സംഘടനകള്‍ ചേർന്ന് രൂപീകരിച്ച 'നിതിൻ രാജ് ആക്ഷൻ കൗണ്‍സില്‍' ആണ് ഹർത്താല്‍ പ്രഖ്യാപിച്ചത്. നിതിൻ രാജിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് നടത്തിയ വാർത്താസമ്മേളനത്തില്‍ സണ്ണി എം. കപ്പിക്കാട്, ആക്ഷൻ കൗണ്‍സില്‍ ചെയർമാൻ കെ.കെ. സുരേഷ് എന്നിവരാണ് സമരപ്രഖ്യാപനം നടത്തിയത്.
മെഡിക്കല്‍ കോളജിന്റെ നാലാം നിലയില്‍ നിന്ന് വീണുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ ശരീരത്തില്‍ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകളോ ഇല്ലെന്നത് മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് സമിതി ചൂണ്ടിക്കാട്ടി. ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ കാട്ടുന്ന ആവേശം ഒളിവില്‍ കഴിയുന്ന ഡോ. റാം, ഡോ. സംഗീത എന്നിവരെ പിടികൂടുന്നതില്‍ പോലീസ് കാണിക്കുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തി. കോളജ് പ്രിൻസിപ്പല്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നിലവിലെ പോലീസ് അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുള്ളതിനാല്‍ ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നുമാണ് ആക്ഷൻ കൗണ്‍സിലിന്റെ ആവശ്യം.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും നിതിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആക്ഷൻ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് ദലിത് സംഘടനകളുടെ തീരുമാനം. ഹർത്താലുമായി സഹകരിച്ച് നീതിക്കായുള്ള ഈ പോരാട്ടത്തില്‍ എല്ലാ ജനവിഭാഗങ്ങളും പങ്കുചേരണമെന്ന് സണ്ണി എം. കപ്പിക്കാട് അഭ്യർത്ഥിച്ചു.
Post a Comment