മലപ്പുറം: തിരൂരില്‍ കാറിലും നവവധുവിന്റെ വീട്ടിലെ ശുചിമുറിയിലും എംഡിഎംഎ ഒളിപ്പിച്ച യുവാവ് അറസ്റ്റില്‍. തവനൂർ പുത്തൻപുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.തിരൂർ പൊറ്റിലത്തറയില്‍ കാറില്‍ ഇരിക്കുകയായിരുന്ന ഷിബാൻ ഇവിടെയെത്തിയ പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നി ഇയാളെ പിടികൂടി കാർ പരിശോധിച്ചപ്പോഴാണ് ഗിയർ ലിവറിനുസമീപം ഒളിപ്പിച്ചനിലയില്‍ എംഡിഎംഎ കണ്ടെത്തിയത്.
തുടർന്ന് ചോദ്യം ചെയ്യലിലാണ് കൊടയ്ക്കല്‍ ഭാഗത്തുള്ള വധുവിന്റെ വീട്ടിലെ മുകള്‍നിലയിലുള്ള മണിയറയിലെ ശുചിമുറിയിലും എംഡിഎംഎ ഉള്ളതായി ഇയാള്‍ പറഞ്ഞത്. യൂറോപ്യൻ ക്ലോസറ്റിനുള്ളിലാണ് സാധനം ഒളിപ്പിച്ചിരുന്നത്. ആകെ 1.55 ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെടുത്തത്. ഷിബാൻ സ്വകാര്യ ആശുപത്രിയിലെ തെറാപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.
അതേസമയം, കാസർകോട് കാറില്‍ കടത്തിയ എംഡിഎംഎയും പണവുമായി യുവാക്കള്‍ അറസ്റ്റിലായി. 38.23 ഗ്രാം എംഡിഎംഎയും 1,63,500 രൂപയും കാറും രണ്ട് മൊബൈല്‍ ഫോണും യുവാക്കളില്‍ നിന്ന് മഞ്ചേശ്വരം പൊലീസ് പിടിച്ചെടുത്തു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷിറിയ കുബന്നൂർ സഫ നഗറിലെ ഇബ്രാഹിം സുഹൈല്‍ (23), ബന്തിയോട് അടുക്കയിലെ മുഹമ്മദ് അനസുദ്ദീൻ (20) എന്നിവരാണ് പിടിയിലായത്.
കാറിലെ ഡാഷ്ബോർഡില്‍ നിന്ന് ലഭിച്ച പണം മയക്കുമരുന്ന് വില്‍പ്പനയിലൂടെ സമ്പാദിച്ചതാണെന്ന് യുവാക്കള്‍ സമ്മതിച്ചിട്ടുണ്ട്. പിടിച്ചെടുത്തവ കാസർകോട് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ലഹരി മരുന്നിന്റെ ഉറവിടം വിതരണ ശൃംഖല എന്നിവ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Post a Comment