തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലം അപകടങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗതാഗത വകുപ്പ്.നിയമലംഘനങ്ങള്‍ ആവർത്തിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ സർക്കാർ കർശന നിർദേശം നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമുണ്ടാകുമെന്ന് വകുപ്പ് വ്യക്തമാക്കി.
പ്രധാന നടപടികള്‍ ഒറ്റനോട്ടത്തില്‍
അമിതവേഗതയോ അശ്രദ്ധമായ ഡ്രൈവിങ്ങോ ആവർത്തിച്ചാല്‍ വാഹനത്തിൻ്റെ പെർമിറ്റ് റദ്ദാക്കും. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യും. ബസ് ജീവനക്കാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പരിശോധനാ വേളയില്‍ ഇത് ഹാജരാക്കണം.
ബസുകളിലെ കാമറ, ജിപിഎസ്, സ്പീഡ് ഗവർണർ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. സ്പീഡ് ഗവർണർ അഴിച്ചുമാറ്റുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും.
പരിശോധന ശക്തമാക്കി എൻഫോഴ്‌സ്‌മെൻ്റ്
മത്സരയോട്ടം തടയാൻ പ്രത്യേക പരിശോധനകള്‍ നടത്താൻ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. റോഡുകളില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. നേരത്തെ വിഭാവനം ചെയ്ത ജിയോ ഫെൻസിങ് സംവിധാനം നടപ്പിലാക്കാൻ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് പെർമിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.
Post a Comment