ഇൻഡോർ: ഇലക്‌ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 12 വയസുകാരി ഉള്‍പ്പടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം.മൂന്നുപേർ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍.
മധ്യപ്രദേശിലെ ഇൻഡോറിലെ ബ്രിജേശ്വരി അനക്സിന് സമീപം മൂന്ന് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്.
ചാർജിംഗ് പോയിന്റിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് തീ അതിവേഗം കെട്ടിടത്തിനുള്ളിലേക്ക് പടരുകയായിരുന്നു. വീടിനുള്ളില്‍ പത്തോളം എല്‍പിജി സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.
തീ പടർന്നതോടെ ഇതില്‍ ചില സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കനത്ത പുകയും ആളിപ്പടരുന്ന തീയും കാരണം വീടിന്റെ മുൻഭാഗത്തുകൂടി അകത്തേക്ക് പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല. തുടർന്ന് സമീപത്തെ കെട്ടിടം വഴി സാഹസികമായാണ് സംഘം ഉള്ളിലെത്തിയത്.
മൂന്ന് പേരെ ആദ്യഘട്ടത്തില്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാല്‍ കിടപ്പുമുറികളില്‍ കുടുങ്ങിപ്പോയവർക്ക് പുറത്തുകടക്കാനാവാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. പൊട്ടിത്തെറിക്കിടെ വീട്ടില്‍ നിന്ന് കാണാതായ കുഞ്ഞിനായുള്ള തെരച്ചില്‍ പോലീസ് ഊർജിതമാക്കിയിട്ടുണ്ട് അപകടത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Post a Comment