ടെഹ്റാൻ: ഇറാൻ നേരിടുന്ന നിലവിലെ യുദ്ധസാഹചര്യത്തില്‍ മാനുഷിക പരിഗണന മുൻനിർത്തി ഇന്ത്യ ഔദ്യോഗികമായി മരുന്നുകള്‍ കൈമാറി.ഡല്‍ഹിയിലെ ഇറാൻ എംബസി വഴിയാണ് ഈ സഹായം ലഭ്യമാക്കിയത്.
അയല്‍രാജ്യങ്ങള്‍ വഴി റോഡ് മാർഗ്ഗമായിരിക്കും ഈ മരുന്നുകള്‍ ഇറാനിലേക്ക് എത്തിക്കുക. സമീപകാലത്ത് ചില വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നതകള്‍ നിലനിന്നിരുന്നെങ്കിലും, നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യ കൈനീട്ടിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ നിർണ്ണായകമായി.
യുദ്ധം ആരംഭിച്ച വേളയില്‍ ഇറാനെതിരെയുള്ള ആക്രമണങ്ങളെ ഇന്ത്യ പരസ്യമായി അപലപിച്ചില്ലെന്ന ആരോപണങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റിനെ നേരിട്ട് ഫോണില്‍ വിളിക്കുകയും, ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ നിരന്തരം ചർച്ചകള്‍ നടത്തുകയും ചെയ്തതോടെ ബന്ധം കൂടുതല്‍ സുഗമമായി.
ഈ ചർച്ചകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സഹായം ഇന്ത്യ നല്‍കിയിരിക്കുന്നത്. അതേസമയം, ഇന്ത്യയുടെ ഊർജ്ജ സുരക്ഷയുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും സഹകരിക്കുന്നുണ്ട്.
ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ രണ്ട് എല്‍പിജി ടാങ്കറുകള്‍ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സാധിച്ചു. ഇതിന് ഇന്ത്യ ഇറാനോട് നന്ദി അറിയിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ടാങ്കറുകള്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഇരുരാജ്യങ്ങളും സംയുക്തമായി തുടരുകയാണ്.
Post a Comment