ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തില്‍ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എൻ.
വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു (21) ആണ് മരിച്ചത്. ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡില്‍ അണ്ണാ സർവ്വകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപമായിരുന്നു അപകടം നടന്നത്.
കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിലാക്കി സഹപാഠികളോടൊപ്പം മടങ്ങിവരുകയായിരുന്നു ജിനു. ഇവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് യൂടേണ്‍ എടുത്തതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തില്‍ ജിനു സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹപാഠികളായ പ്രിയ, ജഗദീപ്, ആർത്തിപ് എന്നിവർക്കും മുന്നിലെ കാറിന്റെ ഡ്രൈവർ വെങ്കിടേഷിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment