മട്ടന്നൂർ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ വിമാനങ്ങളുടെ സർവീസുകള്‍ മുടങ്ങിയതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനും വിമാന കമ്പനികള്‍ക്കും ഉണ്ടായത് കോടികളുടെ നഷ്ടം.ഇന്നലെ വരെ കണ്ണൂർ വിമാനത്താവളത്തിന് മാത്രം ആറു കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ശനിയാഴ്ച മുതല്‍ അഞ്ചു ദിവസങ്ങളിലായി 62 വിദേശ സർവീസുകളാണ് റദ്ദാക്കിയത്.
കണ്ണൂരില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാനങ്ങളാണ് ഗള്‍ഫ് സർവീസ് നടത്തുന്നത്.അബുദാബി, ദുബായ്, ഷാർജ, റിയാദ്, മസ്ക്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. വിവിധയിടങ്ങളില്‍നിന്ന് കണ്ണൂരിലേക്കുള്ള സർവീസുകളും നിർത്തി വച്ചു. കണ്ണൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് വിദേശ സർവീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ വിമാനത്താവളത്തിന്റെ പ്രധാന വരുമാന മാർഗവും ഇതുതന്നെയാണ്.
വിദേശ സർവീസുകള്‍ റദ്ദാക്കിയതോടെ കണ്ണൂരില്‍നിന്ന് ആഭ്യന്തര സർവീസുകള്‍ മാത്രമാണ് നടത്തിവരുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്നുള്ള ആഭ്യന്തര സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത്. സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് യാത്രക്കാരെയും പ്രതിസന്ധിയിലാക്കി. ഇന്നലെ മസ്ക്കറ്റിലേക്കുള്ള സർവീസ് നടത്തിയിരുന്നുവെങ്കിലും മറ്റു സ്ഥലങ്ങളിലേക്കുള്ള സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് ധാരണയായില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധസമാന സാഹചര്യം തുടരുന്നതിനാല്‍ സർവീസുകള്‍ ഉടൻ പുനരാരംഭിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. അടുത്ത ദിവസങ്ങളില്‍ സർവീസ് പുനരംഭിച്ചില്ലെങ്കില്‍ വീണ്ടും വരുമാനത്തില്‍ കുറവുണ്ടാകും.
Post a Comment