"വെള്ളത്തിന് പോകാൻ വഴിയുണ്ടാകില്ല, പക്ഷേ മണ്ണടിക്കാൻ മിടുക്കുണ്ട്; കുട്ടിക്കരിയിൽ ഒരു 'പുത്തൻ' കൈയേറ്റം!"

ആലക്കോട്: ചപ്പാരപ്പടവ്- ആലക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാണോക്കുണ്ട്- തടിക്കടവ് പൊതുമരാമത്ത് റോഡിലെ ഓവുചാൽ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി. കുട്ടിക്കരി ഭാഗത്താണ് റോഡ് നവീകരണത്തിന്റെ ഭാഗമായി പി.ഡബ്ല്യു.ഡി നിർമ്മിച്ച ഓവുചാൽ വെള്ളം ഒഴുകിപ്പോകാത്ത വിധം കെട്ടിയെടുക്കുന്നത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനോട് ചേർന്നുള്ള ഭാഗമാണ് ഇത്തരത്തിൽ നികത്തപ്പെടുന്നത്. ഓവുചാൽ നികത്തി കോൺക്രീറ്റ് സ്ലാബ് ഉൾപ്പെടെ കൈയേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നേരത്തെയും ഈ ഭാഗത്ത് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു.

വിഷയത്തിൽ നാട്ടുകാർ പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറയുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പൊതുമരാമത്ത് ഓവുചാൽ കൈയേറുന്ന വ്യക്തിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും റോഡ് സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിനും പഞ്ചായത്തിനും നാട്ടുകാർ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post