റോഡ് തകർന്ന് തരിപ്പണം; യാത്രാദുരിതത്തിൽ മലയോര ജനത



ആലക്കോട്: മലയോരത്തെ പ്രധാന പാതകളിലൊന്നായ കുരുവൻചാൽ-വെള്ളാട്-കനകക്കുന്ന്-കുടിയാന്മല റോഡ് പൂർണ്ണമായും തകർന്നു. ടാറിംഗ് ഇളകിമാറി വലിയ കുഴികൾ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള വാഹനഗതാഗതം ദുസ്സഹമായിരിക്കുകയാണ്. വെള്ളാട് ആശാൻകവല മുതൽ കനകക്കുന്ന് കുടിയാന്മല വരെയുള്ള ഭാഗമാണ് ഏറ്റവും കൂടുതൽ ശോചനീയാവസ്ഥയിലുള്ളത്.
ഗതാഗതം നിലയ്ക്കുന്നു
ബസുകൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ സർവീസ് നടത്തുന്ന ഈ റോഡ് ഇപ്പോൾ സഞ്ചാരയോഗ്യമല്ലാതായിക്കഴിഞ്ഞു. കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര യാത്രക്കാരുടെ നടുവൊടിക്കുന്ന അവസ്ഥയിലാണ്. റോഡിന്റെ തകർച്ച കാരണം ഈ റൂട്ടിൽ സർവീസ് നടത്താൻ സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും മടിക്കുകയാണ്. ഇത് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളെയും വിദ്യാർത്ഥികളെയും കടുത്ത ദുരിതത്തിലാക്കി.
അടിയന്തര നടപടി വേണം
പ്രദേശത്തെ പ്രധാന ഗ്രാമങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് റീ-ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. താൽക്കാലിക അറ്റകുറ്റപ്പണികൾ പോലും നടത്താത്ത അധികൃതരുടെ നിലപാടിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. റോഡ് ഉടൻ പുനരുദ്ധരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Post a Comment

Previous Post Next Post