കോലിക്ക് പിന്നാലെ സഞ്ജു തരംഗം; ധോണിയെയും ഹാര്‍ദിക്കിനെയും പിന്നിലാക്കി ഇൻസ്റ്റാഗ്രാമില്‍ ചരിത്രനേട്ടവുമായി മലയാളി താരം


മുബൈ: ക്രിക്കറ്റ് മൈതാനത്തെ റെക്കോർഡുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലും ആധിപത്യം ഉറപ്പിച്ച്‌ ഇന്ത്യൻ താരങ്ങള്‍ മുന്നേറുകയാണ്.
ഇൻസ്റ്റാഗ്രാം ലൈക്കുകളുടെ എണ്ണത്തില്‍ വിരാട് കോലി തന്റെ ഒന്നാം സ്ഥാനം നിലനിർത്തുമ്പോള്‍, അവിശ്വസനീയമായ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണ്‍ മുൻനിരയിലേക്ക് എത്തിയിരിക്കുന്നു എന്നത് കായിക ലോകത്തെ അത്ഭുതപ്പെടുത്തുന്നു.നിലവില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ ആദ്യ ഏഴ് ചിത്രങ്ങളും കോലിയുടേതാണെങ്കിലും, തൊട്ടുപിന്നാലെ എട്ടാം സ്ഥാനത്ത് സഞ്ജു ഇടംപിടിച്ചു കഴിഞ്ഞു. ഹാർദിക് പാണ്ഡ്യ, എം.എസ്. ധോണി തുടങ്ങിയ ഇതിഹാസ താരങ്ങളെ പിന്നിലാക്കിയാണ് സഞ്ജുവിന്റെ ഈ മുന്നേറ്റം.
2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച പോസ്റ്റാണ് 23.1 മില്യണ്‍ ലൈക്കുകളുമായി പട്ടികയില്‍ ഒന്നാമത്. 2025-ലെ ഐപിഎല്‍ വിജയം, ടെസ്റ്റ് വിരമിക്കല്‍, ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ എന്നിവയിലൂടെ ആദ്യ ഏഴ് സ്ഥാനങ്ങളും കോലി കൈക്കലാക്കി.
എന്നാല്‍, 2026 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു നടത്തിയ ഐതിഹാസിക ഇന്നിംഗ്സിന് (97*) ശേഷം പങ്കുവെച്ച പോസ്റ്റ് 18 മില്യണിലധികം ലൈക്കുകള്‍ നേടി എട്ടാം സ്ഥാനത്തെത്തി. താരതമ്യേന കുറഞ്ഞ ഫോളോവേഴ്സ് മാത്രമുള്ള സമയത്ത് പോലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ലൈക്കുകള്‍ നേടിയത് സഞ്ജുവിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ്.
നിലവില്‍ ഓരോ ദിവസവും ലക്ഷക്കണക്കിന് ലൈക്കുകള്‍ അധികമായി നേടിക്കൊണ്ട് ഈ പോസ്റ്റ് 20 മില്യണ്‍ എന്ന നാഴികക്കല്ലിലേക്ക് നീങ്ങുകയാണ്. കരിയറിലുടനീളം നേരിട്ട അവഗണനകളെയും വെല്ലുവിളികളെയും അതിജീവിച്ച്‌ സഞ്ജു നേടിയ ഈ സ്വാധീനം ഏറെ ശ്രദ്ധേയമാണ്.

Post a Comment

Previous Post Next Post