പാചകവാതക ക്ഷാമം: ഇൻഡക്ഷൻ സ്റ്റൗകള്‍ക്ക് റെക്കോര്‍ഡ് ഡിമാൻഡ്; വില്‍പനയില്‍ 30 ഇരട്ടി വര്‍ധന


പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് എല്‍.പി.ജി (LPG) വിതരണം തടസ്സപ്പെട്ടതോടെ ബദല്‍ സംവിധാനമെന്ന നിലയില്‍ ഇൻഡക്ഷൻ കുക്ക്ടോപ്പുകള്‍ക്കും ഇലക്‌ട്രിക് പാചക ഉപകരണങ്ങള്‍ക്കും ആവശ്യക്കാർ ഏറുന്നു.ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ക്വിക്ക് കൊമേഴ്‌സ് ആപ്പുകളിലും ഇൻഡക്ഷൻ സ്റ്റൗകളുടെ വില്‍പനയില്‍ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. എല്‍.പി.ജി ക്ഷാമം മറികടക്കാൻ ജനങ്ങള്‍ കൂട്ടത്തോടെ ഇലക്‌ട്രിക് അടുപ്പുകളിലേക്ക് മാറുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.
ആമസോണ്‍, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര സൈറ്റുകളില്‍ ഇൻഡക്ഷൻ സ്റ്റൗകളുടെ വില്‍പനയില്‍ അസാധാരണ വർധനയാണ് ഉണ്ടായിരിക്കുന്നത്. പല മുൻനിര ബ്രാൻഡുകളും മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീരുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് ആപ്പുകളിലും സ്റ്റോക്കുകള്‍ അതിവേഗം കാലിയാവുകയാണ്. വരും ദിവസങ്ങളില്‍ വില ഇനിയും ഉയർന്നേക്കാമെന്ന ഭയത്താല്‍ ഉപഭോക്താക്കള്‍ മുൻകൂട്ടി ഉപകരണങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നതും വിപണിയിലെ തിരക്ക് വർദ്ധിപ്പിച്ചു.
ആമസോണ്‍ വക്താവ് നല്‍കുന്ന വിവരമനുസരിച്ച്‌ ഇൻഡക്ഷൻ കുക്ക്ടോപ്പ് വില്‍പനയില്‍ സാധാരണ ദിവസങ്ങളേക്കാള്‍ 30 ഇരട്ടി വർധനയാണുള്ളത്. റൈസ് കുക്കറുകളുടെയും പ്രഷർ കുക്കറുകളുടെയും വില്‍പന 4 ഇരട്ടിയായും എയർ ഫ്രയറുകള്‍, മള്‍ട്ടി-യൂസ് കെറ്റിലുകള്‍ എന്നിവയുടെ വില്‍പന 2 ഇരട്ടിയായും വർധിച്ചു. ഫ്ലിപ്കാർട്ടില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പന നാല് മടങ്ങായി ഉയർന്നു. പാചകവാതക വിതരണം എന്ന് പുനഃസ്ഥാപിക്കപ്പെടുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇലക്‌ട്രിക് ഉപകരണങ്ങളുടെ വിപണി വരും ദിവസങ്ങളിലും സജീവമായി തുടരുമെന്നാണ് വിലയിരുത്തല്‍.

Post a Comment

Previous Post Next Post