കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്‌ണൻ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർദ്ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വി പി സിംഗ് മന്ത്രിസഭയിലെ ഉപരിതല ഗതാഗത മന്ത്രിയായിരുന്നു. ആറ് തവണ തുടർച്ചയായി വടകരയില്‍ നിന്നുള്ള എംപിയായിരുന്നു. പത്രപ്രവർത്തകനായും പ്രവർത്തിച്ചു.
1936 സെപ്തംബർ 20ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് ജനനം. ചെന്നൈ ക്രിസ്‌ത്യൻ കോളേജ്, പ്രസിഡൻസി കോളേജ്, ഗവണ്‍മെന്റ് ലോ കോളേജ്, മദ്രാസ് എന്നിവിടങ്ങളില്‍ പഠനം പൂർത്തിയാക്കി. പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയില്‍ അംഗമായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. 1960ല്‍ കോണ്‍ഗ്രസില്‍ ചേർന്നു. 1962 മുതല്‍ എഐസിസി അംഗമായി. 1971ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി വടകരയില്‍ നിന്ന് മത്സരിച്ച് ജയിച്ചു. പിന്നീട് 1977, 1980, 1984,1989, 1991 എന്നീ വർഷങ്ങളിലും വടകരയില്‍ നിന്നുജയിച്ച് ലോക്‌സഭയിലെത്തി. 1989-90 കാലത്ത് വി പി സിംഗ് മന്ത്രിസഭയില്‍ ടെലി കമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗതം വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
Post a Comment