വീണ്ടും തിരിച്ചടിച്ച്‌ ഇറാൻ; ദുബായില്‍ പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു, കുവൈത്തിലും സൗദിയിലും ആക്രമണം


ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാൻ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡ്രോണ്‍ അവശിഷ്ടം വാഹനത്തില്‍ പതിച്ച്‌ പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് കൊല്ലപ്പെട്ടത്.ദുബായിയിലെ അല്‍ ബർഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം നാലായി. അതിനിടെ, കുവൈത്ത് വിമാനത്താവളത്തിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരേയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആർക്കും പരിക്കില്ല. കുവൈത്തിലെ ജനറല്‍ ഓർഗനൈസേഷൻ ഫോർ സോഷ്യല്‍ ഇൻഷുറൻസ് ആസ്ഥാനത്തിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി.
കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴോളം ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരേ ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അയല്‍രാജ്യങ്ങളെ ആക്രമിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനുശേഷവും ഇറാന്റെ ഭാഗത്തുനിന്ന് ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നതായാണ് റിപ്പോർട്ട്.
വ്യോമപ്രതിരോധ സംവിധാനം തകർത്ത ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടം സമീപത്ത് പതിച്ചതിനാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ രാവിലെ താത്കാലികമായി നിറുത്തിവച്ചിരുന്നു. പിന്നീട് ഭാഗികമായി പുനരാരംഭിച്ചു. യുഎസ് സേന തങ്ങുന്ന യുഎഇയിലെ അല്‍- ദഫ്രാ എയർ ബേസിനു നേരെയും ആക്രമണുണ്ടായി. രാജ്യത്തെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈല്‍ തകർത്തെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Post a Comment

Previous Post Next Post