ഓരോ വർഷവും മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുമ്ബോള്‍, അത് കേവലം ഒരു കലണ്ടർ തീയതിയില്‍ ഒതുങ്ങുന്ന ഒന്നല്ല.
മറിച്ച്, നൂറ്റാണ്ടുകളായി സ്ത്രീകള്‍ നടത്തിയ പോരാട്ടങ്ങളുടെയും അവർ നേടിയെടുത്ത അവകാശങ്ങളുടെയും ഓർമ്മപ്പെടുത്തലാണത്. ചരിത്രത്തില്‍ തങ്ങള്‍ അർഹിക്കുന്ന ഇടം നേടിയെടുക്കാൻ ലോകമെമ്ബാടുമുള്ള സ്ത്രീകള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളുടെ പരിസമാപ്തിയാണ് ഈ ദിനം.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വോട്ടവകാശത്തിനും വേണ്ടി ന്യൂയോർക്കിലെ തെരുവുകളില്‍ സ്ത്രീകള്‍ നടത്തിയ പ്രക്ഷോഭങ്ങളാണ് വനിതാ ദിനത്തിന് അടിത്തറ പാകിയത്. ഇന്ന് വിദ്യഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല, കായികം എന്നിങ്ങനെ സകല മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. അടുക്കളയില്‍ നിന്ന് ആകാശത്തോളം വളർന്ന സ്ത്രീശക്തി ലോകത്തിന്റെ ഗതിയെത്തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഒരു കുടുംബത്തിന്റെ നട്ടെല്ല് സ്ത്രീയാണെന്ന് നാം പറയാറുണ്ടെങ്കിലും, പലപ്പോഴും അവളുടെ അധ്വാനവും ത്യാഗവും തിരിച്ചറിയപ്പെടാതെ പോകുന്നു. ശമ്ബളമില്ലാത്ത വീട്ടിലെ ജോലി മുതല്‍ ഉന്നത പദവികളിലെ സമ്മർദ്ദങ്ങള്‍ വരെ ഒരുപോലെ കൈകാര്യം ചെയ്യാൻ സ്ത്രീകള്‍ക്ക് കഴിയുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ലിംഗവിവേചനവും സുരക്ഷാ പ്രശ്നങ്ങളും സ്ത്രീകള്‍ നേരിടുന്ന വലിയ വെല്ലുവിളികളാണ്. തുല്യമായ അവസരങ്ങളും സുരക്ഷിതമായ സാമൂഹിക സാഹചര്യവും ഒരുക്കുക എന്നതാവണം ഓരോ വനിതാ ദിനത്തിന്റെയും പ്രധാന ലക്ഷ്യം.
Post a Comment