കൊച്ചി: ലോകമെമ്ബാടും അതിവേഗ വരള്‍ച്ചകളുടെ വ്യാപനം വർധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. കടുത്ത ചൂടുതരംഗത്തിന് പിന്നാലെ പെട്ടെന്നുണ്ടാകുന്ന വരള്‍ച്ചകള്‍ അഥവാ കോമ്ബൗണ്ട് എക്സ്ട്രീം കാലാവസ്ഥാ സംഭവങ്ങള്‍ ഭൂമിയില്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നത്.അതേസമയം, വേനല്‍ച്ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി മാർച്ച് 17 മുതല്‍ സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദക്ഷിണകൊറിയയിലെ ഹന്യാങ് സർവകലാശാലയിലെയും ഓസ്ട്രേലിയയിലെയും ശാസ്ത്രജ്ഞർ ചേർന്ന് നടത്തിയ പഠനം സയൻസ് അഡ്വാൻസസ് ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. ഇത് അനുസരിച്ച് 1980-കളില്‍ ഭൂമിയുടെ കരഭാഗത്തിന്റെ 2.5 ശതമാനത്തെ മാത്രം ബാധിച്ചിരുന്ന ഈ പ്രതിഭാസം 2023-ല്‍ 16.7 ശതമാനമായി ഉയർന്നു. കഴിഞ്ഞ 22 വർഷത്തിനിടെ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളുടെ വളർച്ചാ നിരക്ക് എട്ടിരട്ടിയോളം വർധിച്ചു.
വായു ചൂടാകുമ്ബോള്‍ മണ്ണിലെ ഈർപ്പം അതിവേഗം വലിച്ചെടുക്കുന്നതാണ് പെട്ടെന്നുള്ള വരള്‍ച്ചയ്ക്ക് കാരണമാകുന്നത്. ഇത് കർഷകർക്കും സമൂഹത്തിനും മുൻകരുതല്‍ എടുക്കാൻ സമയം നല്‍കാതെ നാശനഷ്ടങ്ങള്‍ വരുത്തുന്നു.
കേരളത്തില്‍ നാളെ മുതല്‍ മഴ
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐ.എം.ഡി അറിയിച്ചു. മാർച്ച് 17-ന് ശേഷം മഴ കൂടുതല്‍ ശക്തമാകും. ആദ്യഘട്ടത്തില്‍ വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ പ്രതീക്ഷിക്കുന്നത്. ബുധനാഴ്ചയോടെ എല്ലാ ജില്ലകളിലും മഴ വ്യാപിക്കാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലുമാണ് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത.
Post a Comment