കൊല്ലം: ഗുണ്ടാ നേതാവ് അലുവ അതുലിനെ പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴവൻ പ്രതികളും പിടിയില്‍.ഇതുവരെ എട്ട് പ്രതികളാണ് പിടിയിലായത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.
കോട്ടയത്തുനിന്ന് കസ്റ്റഡിയില്‍ എടുത്ത നാല് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും സഹായികളുമാണ് പിടിയിലായത്. ആക്രമണത്തിനായി പ്രതികള്‍ എത്തിയ സ്വിഫ്റ്റ് കാറും പിടികൂടിയിട്ടുണ്ട്. തഴവ കടത്തൂർ സ്വദേശി നൗഫല്‍, ചവറ തെക്കുംഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരും മറ്റ് ആറ് പേരുമാണ് പിടിയിലായത്. ഇവരുടെ വിവരം പുറത്തുവിട്ടിട്ടില്ല.
ജിം സന്തോഷ് കൊലക്കേസ് പ്രതിയായ അലുവ അതുല്‍ ജയില്‍ മോചിതനായതിന് പിന്നാലെ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെച്ച് തിരിച്ചു വരുന്നതിനിടെയാണ് അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റർ പരിധിയിലാണ് അരുംകൊല നടന്നത്.
തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് അലുവ അതുലിന്റെ മരണകാരണം. ശരീരത്തിലും നിരവധി വെട്ടേറ്റിട്ടുണ്ട്. ജിം സന്തോഷ് കൊലക്കേസുമായി ബന്ധപ്പെട്ട ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Post a Comment