കുടുംബശ്രീ വായ്പയെടുത്ത് സിവില്‍ സര്‍വീസ് പഠനം; 57ാം റാങ്കോടെ സ്വപ്നം യാഥാര്‍ഥ്യമാക്കി ശ്രീജ


തിരുവനന്തപുരം: സിവില്‍ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യ ശ്രമത്തില്‍ തന്നെ 57ാം റാങ്ക് നേടി തിളക്കമാർന്ന വിജയം നേടി തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ശ്രീജ.നിർമാണ തൊഴിലാളിയായ അച്ഛൻ ജയകുമാറിന്‍റെയും വീട്ടമ്മയായ അമ്മ ഷീനയുടെയും പൂർണ പിന്തുണയോടെയാണ് ശ്രീജയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. ഇന്ത്യൻ ഫോറിൻ സർവീസില്‍ (ഐഎഫ്‌എസ്) ചേരാനാണ് റാങ്ക് ലിസ്റ്റിലെ മലയാളികളില്‍ ഒന്നാംസ്ഥാനത്തെത്തിയ ശ്രീജയുടെ ആഗ്രഹം. അതിനാല്‍ പണി തീരാത്ത വീട്ടിലെ ചുവരില്‍ "ശ്രീജ. ജെ.എസ് ഐഎഫ്‌എസ്'' എന്ന് നേരത്തേ തന്നെ തന്‍റെ ആഗ്രഹം എഴുതിവച്ചിരുന്നു.
തുച്ഛമായ വരുമാനവും കുടുംബശ്രീയില്‍ നിന്ന് എടുത്ത ലോണുകളും ഉപയോഗിച്ചാണ് മാതാപിതാക്കള്‍ സിവില്‍ സർവീസ് പഠനത്തിനാവശ്യമായ തുക കണ്ടെത്തിയത്. മകളുടെ ആഗ്രഹങ്ങള്‍ക്ക് ചിറകു നല്‍കാൻ കഠിനാധ്വാനം ചെയ്ത മാതാപിതാക്കളാണ് തന്‍റെ കരുത്തെന്നും പ്രത്യേകിച്ച്‌ ബിരുദാനന്തര ബിരുദധാരിയായ അമ്മയുടെ പിന്തുണ പഠനത്തില്‍ വലിയ സ്വാധീനം ചെലുത്തിയെന്നും ശ്രീജ ഓർക്കുന്നു.
പട്ടം സെന്‍റ് മേരീസ് സ്കൂളിലായിരുന്നു പഠനം. പിന്നെ മദ്രാസ് ക്രിസ്റ്റ്യൻ കോളെജില്‍ നിന്ന് ബിരുദവും പിജിയും പൂർത്തിയാക്കിയ ശ്രീജ 2024ലാണ് സിവില്‍ സർവീസ് കോച്ചിങ് ആരംഭിച്ചത്. കൃത്യമായ പ്ലാനിങ്ങോടു കൂടി ഓരോ ദിവസവും നിശ്ചയിച്ച പാഠഭാഗങ്ങള്‍ പഠിച്ചുതീർത്തുകൊണ്ടുള്ള കഠിനാധ്വാനമാണ് ഈ വിജയത്തിലേക്ക് നയിച്ചത്. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങള്‍ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവയ്ക്കും. പഠിച്ച ഫോർച്യൂണ്‍ അക്കാഡമിയില്‍‌ ഞായറാഴ്ച പരീക്ഷ എഴുതാൻ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിൻ പരീക്ഷയിലും ഒത്തിരി സഹായിച്ചുവെന്ന് ശ്രീജ പറയുന്നു.

Post a Comment

Previous Post Next Post