എല്‍.പി.ജി ക്ഷാമം രൂക്ഷം; ബുക്കിംഗ് ഇടവേള ഗ്രാമങ്ങളില്‍ 45 ദിവസവും നഗരങ്ങളില്‍ 25 ദിവസവുമായി ഉയര്‍ത്തി

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാചകവാതക (LPG) വിതരണത്തില്‍ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.ഗ്രാമീണ മേഖലകളില്‍ എല്‍.പി.ജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കി ഉയർത്തി. നഗരപ്രദേശങ്ങളില്‍ ഇത് 25 ദിവസമായിരിക്കും. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മയാണ് വാർത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
നേരത്തെ 17 ദിവസമായിരുന്ന ബുക്കിംഗ് ഇടവേള പ്രതിസന്ധി കണക്കിലെടുത്ത് 21 ദിവസമാക്കി ദീർഘിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം മൂലം കപ്പല്‍ സർവീസുകള്‍ കുറഞ്ഞതും വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളുമാണ് ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിതരണം പരിമിതപ്പെടുത്താൻ ഗ്യാസ് ഏജൻസികള്‍ക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ത്യയുടെ ഊർജ്ജ മേഖല സുരക്ഷിതമാണെന്നുമാണ് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ലോക്സഭയില്‍ അറിയിച്ചത്. പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, വിതരണത്തിലെ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post