ചായകുടി മലയാളികള്‍ അവസാനിപ്പിച്ചേക്കും: 20 രൂപ വരെ നല്‍കണം: ബിരിയാണി തൊട്ടാലും പൊള്ളും


തിരുവനന്തപുരം: പാചക വാതക ക്ഷാമത്തെത്തുടർന്ന് പൂട്ടിയ ഹോട്ടലുകളും തട്ടുകടകളും തുറന്നുതുടങ്ങിയെങ്കിലും പലയിടത്തും ഭക്ഷണവില കുത്തനെ കൂട്ടി.ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികള്‍ അടക്കമുള്ള സാധാരണക്കാർക്ക് ഇത് ഇരുട്ടടിയായി. ചില ഹോട്ടലുകള്‍ ചായ വില പത്തില്‍ നിന്ന് 12 രൂപയാക്കി. ചിലയിടങ്ങളില്‍ 20 രൂപവരെ. പൂരിക്കും ദോശയ്ക്കും പൊറോട്ടയ്ക്കും വില കൂട്ടി. ചിക്കൻ, ബീഫ് ഇനങ്ങളുടെ കാര്യം പറയാനുമില്ല. വിറകടുപ്പിലാണ് തയ്യാറാക്കുന്നതെങ്കിലും അവസരം മുതലെടുത്ത് ബിരിയാണിക്ക് 20- 30%വരെ വില കൂട്ടിയവരുമുണ്ട്. എന്നാല്‍, പഴയ വിലയില്‍ നല്ല അന്നം നല്‍കുന്ന കടകളാണ് പകുതിയോളവും.
ഹോട്ടലുകള്‍ക്കുള്ള വാണിജ്യ സിലിണ്ടറുകളുടെ വിഹിതം 40% ആക്കിയതോടെയാണ് അടച്ചിട്ടിരുന്നവ തുറന്നത്. ഇന്നലെ മുതല്‍ വിഹിതം 62%മാക്കി. എന്നാല്‍, ഇതിനനുസൃതമായി സിലിണ്ടർ ലഭ്യമാക്കുന്നില്ലെന്ന് ഹോട്ടലുകാർ പറയുന്നു. കരിഞ്ചന്തയില്‍ ലഭിക്കുന്നുണ്ട്. അതിനാകട്ടെ വില ഇരട്ടിയിലേറെ. അതിനാലാണ് ഭക്ഷണവില വർദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് ഹോട്ടലുകളുടെ വിശദീകരണം. അതേസമയം, പഴയ നിരക്കില്‍ തന്നെ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുമുണ്ട്.
അവശ്യസാധന വില വർദ്ധനയില്ല
പച്ചക്കറിവില പത്തുശതമാനം കുറഞ്ഞു. അവശ്യസാധനങ്ങളുടെ വിലയിലും മാറ്റമില്ല. എന്നിട്ടും ഗ്യാസ് ക്ഷാമത്തിന്റെ മറവില്‍ ഭക്ഷണവില തോന്നിയപോലെ കൂട്ടിയെന്നാണ് ആക്ഷേപം. കിലോയ്ക്ക് 200രൂപവരെ ഉയർന്ന ചിക്കൻ വില ഇന്നലെ 125 രൂപയിലേക്ക് താഴ്ന്നു. എന്നിട്ടും പലഹോട്ടലുകളും ചിക്കൻക്കറിക്ക് 20 രൂപവരെ വർദ്ധിപ്പിച്ചു. മുട്ടവില അഞ്ചു രൂപയിലെത്തിയിട്ടും ഓംലെറ്റിന് 15ല്‍ നിന്ന് 20 രൂപയാക്കി.

Post a Comment

Previous Post Next Post