സപ്ലൈകോയുടെ വിഷുക്കൈനീട്ടവും സ്പെഷ്യല്‍ കിറ്റും; ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍


തിരുവനന്തപുരം: ഈസ്റ്റർ, വിഷു ആഘോഷങ്ങള്‍ക്കായി ഒരുങ്ങി സപ്ലൈകോ. സംസ്ഥാനത്തെ മാവേലി സ്റ്റോറുകള്‍ ഒഴികെയുള്ള സപ്ലൈകോ വില്പനശാലകളെല്ലാം ഏപ്രില്‍ 1 മുതല്‍ 14 വരെ ഈസ്റ്റർ-വിഷു ഫെയറുകളായി മാറും.ആഘോഷകാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ 'വിഷുക്കൈനീട്ടം' പദ്ധതിയും കുറഞ്ഞ നിരക്കിലുള്ള പ്രത്യേക വിഷുക്കണി കിറ്റുമാണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങള്‍. സപ്ലൈകോയുടെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളില്‍ നിന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവർക്ക് 101 രൂപയുടെ 'വിഷുക്കൈനീട്ടം' കൂപ്പണ്‍ സമ്മാനമായി ലഭിക്കും.
ഈ കൂപ്പണ്‍ ഉപയോഗിച്ച്‌ ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ സപ്ലൈകോയില്‍ നിന്ന് വീണ്ടും ആയിരം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇളവ് നേടാനാകും. എന്നാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ ബങ്കുകള്‍, എല്‍പിജി ഔട്ട്ലെറ്റുകള്‍ എന്നിവയില്‍ ഈ ആനുകൂല്യം ലഭ്യമാകില്ല.
കൂടാതെ, സദ്യയ്ക്കും പായസത്തിനുമായി 16 ഇനം അവശ്യസാധനങ്ങള്‍ അടങ്ങിയ പ്രത്യേക വിഷുക്കണി കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. യഥാർത്ഥത്തില്‍ 1250 രൂപ വിലവരുന്ന ഈ കിറ്റ് കേവലം 1001 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.
പഞ്ചസാര, പയറുവർഗങ്ങള്‍, പായസം മിക്സ്, വെളിച്ചെണ്ണ, ചായപ്പൊടി, മസാലകള്‍ തുടങ്ങി അടുക്കളയിലേക്ക് വേണ്ട പ്രധാന വിഭവങ്ങളെല്ലാം ഈ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങളില്‍ സാധാരണക്കാർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

Post a Comment

Previous Post Next Post