ശ്രീകണ്ഠപുരം-ചെമ്ബന്തൊട്ടി-നടുവില്‍ റോഡ് നവീകരണം അന്തിമഘട്ടത്തില്‍


ശ്രീകണ്ഠപുരം: മലയോര മേഖലയിലെ ആദ്യകാല റോഡുകളിലൊന്നായ ശ്രീകണ്ഠപുരം-ചെമ്ബന്തൊട്ടി-നടുവില്‍ റോഡിന്റെ നവീകരണ പ്രവൃത്തി അവസാന ഘട്ടത്തില്‍.കഴിഞ്ഞ പത്ത് വർഷത്തോളമായി ടാറിംഗ് തകർന്ന് വാഹന ഗതാഗതം ദുഷ്‌കരമായിരുന്നു. മറ്റു പ്രദേശങ്ങളിലെ റോഡുകള്‍ വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തിയപ്പോഴും ഈ റോഡ് പഴയ അവസ്ഥയിലായതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു.
തുടർന്ന് ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ റോഡിനായി അഞ്ച് കോടി രൂപ അനുവദിച്ചു. എന്നാല്‍ പണി നടന്നില്ല. പിന്നീട് രണ്ടു തവണ അടങ്കല്‍ തുകയില്‍ മാറ്റം വരുത്തി ഒടുവില്‍ 31.9 കോടി രൂപയുടെ പദ്ധതി അനുവദിച്ചു. എന്നാല്‍ അതിനു സാങ്കേതിക അനുമതി ലഭിച്ചില്ല. രൂപരേഖ റിവ്യൂ ചെയ്തതിനെ തുടർന്ന് എസ്റ്റിമേറ്റ് വീണ്ടും പുതുക്കി. ഇതനുസരിച്ച്‌ ,റോഡിന്റെ വീതി 7 മീറ്റർ എന്നുള്ളത് 12 മീറ്റർ ആക്കുകയും പൂർണമായും ഹൈവേ റോഡുകളുടെ നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു.
അതിനെ തുടർന്ന് 47.72 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് ഏറ്റവും ഒടുവില്‍ അംഗീകരിച്ചത്. ഇരിക്കൂർ കണ്‍സ്ട്രക്ക്ഷൻ കമ്ബനിക്കാണ് നിർമ്മാണ ചുമതല. നടുവില്‍ മുതല്‍ നിടിയേങ്ങ വരെയുള്ള രണ്ടാം ഘട്ടമെക്കാഡം ടാറിംഗ് പൂർത്തിയായി കഴിഞ്ഞു. ശ്രീകണ്ഠപുരം വരെയുള്ള രണ്ടു കി.മീറ്റർ ദൂരം ടാറിംഗ് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പൂർത്തിയാവും.

സ്ഥലം വിട്ടു കിട്ടിയില്ല, പാലം കലുങ്കായി
റോഡിലെ ചെമ്ബന്തൊട്ടി പാലത്തിന്റെ പണി നിലവില്‍ പൂർത്തിയായി കഴിഞ്ഞു. എന്നാല്‍, കൊക്കായി പാലത്തിന് ആവശ്യമായ സ്ഥലം വിട്ടു കിട്ടാത്തതിനാല്‍ പാലം കലുങ്കായി മാറ്റി പണിയേണ്ടി വന്നു. ഇതിന്റെ നിർമ്മാണം തുടരുകയാണ്. സ്ഥലം ലഭ്യമല്ലാത്തതിനാല്‍ പാലത്തിന് സമീപത്ത് റോഡില്‍ ഒരു വശത്ത് മാത്രമേ ഓവുചാല്‍ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. പാലത്തിന്റെ വീതിക്ക് അനുസൃതമായി സ്ഥലം ലഭ്യമാക്കുന്നതിന് എം.എല്‍.എ സജീവ് ജോസഫ് അടക്കമുള്ളവർ ചർച്ചകള്‍ ചെയ്തിട്ടും ഫലം ഉണ്ടായില്ല. ഇതിനെ തുടർന്നാണ് എസ്റ്റിമേറ്റില്‍ മാറ്റം വരുത്തി വലിയ പാലം എന്നുള്ളത് കലുങ്കായി ചുരുക്കേണ്ടി വന്നത്.
100 വയസ്
ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുണ്ട് ഈ റോഡിന്. കുടിയേറ്റക്കാലത്തിനു മുമ്ബു തന്നെ ശ്രകണ്ഠപുരം, കാവുമ്ബായി, നടിയേങ്ങ, ചെങ്ങളായി, കൂട്ടുംമുഖം, എള്ളരഞ്ഞി, പയ്യാവൂർ, എരുവേശി, നടുവില്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ കാല്‍നട യാത്രകള്‍ക്കും പില്‍ക്കാലത്ത് വാഹന ഗതാഗതത്തിനും ഉപയോഗിച്ചിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പിനു കീഴിലാണ്.

Post a Comment

Previous Post Next Post