പഠിച്ച കള്ളി തന്നെ ....! ബാങ്കില്‍ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച്‌ സ്വര്‍ണ്ണകവര്‍ച്ച; കബളിപ്പിച്ചത് ഭര്‍ത്താവിനെയടക്കം, പ്രതി അറസ്റ്റില്‍


കൊച്ചി:  ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച്‌ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍.അടിമാലി സ്വദേശിനി അനുഷയെയാണ് കൊച്ചി പൊലീസ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
2019 മുതല്‍ കോതമംഗലത്തുള്ള ബാങ്കിലെ ജീവനക്കാരിയാണെന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പ് നടത്തിയത്. ജോലിക്ക് പോകാനെന്ന വ്യാജേന ദിവസവും വീട്ടില്‍ നിന്ന് ഇറങ്ങും. ബാങ്കില്‍ സ്വർണ്ണം വെച്ചാല്‍ കൂടുതല്‍ പലിശ കിട്ടുമെന്ന് പറഞ്ഞാണ് ഇവർ സ്വർണ്ണം വാങ്ങിയെടുത്തത്.
ഇങ്ങനെ ലഭിച്ച സ്വർണ്ണം പ്രതി കൈക്കാലാക്കുകയായിരുന്നു. കഴിഞ്ഞവർഷം ഡിസംബർ 21ന് പ്രമോഷന് വേണ്ടിയുള്ള ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അനുഷ പിന്നീട് തിരിച്ചെത്തിയില്ല.
ഭാര്യയെ കാണാതായതോടെ ഭർത്താവ് അരുണ്‍ കോതമംഗലത്തെ ബാങ്ക് ശാഖയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. അനുഷ എന്ന പേരില്‍ ഒരാള്‍ അവിടെ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ജോലി വ്യാജമാണെന്ന് തെളിഞ്ഞു.
എട്ട് വർഷം മുമ്പായിരുന്നു അനുഷയുടെയും അരുണിന്റെയും വിവാഹം. 2019ല്‍ അരുണ്‍ വിദേശത്തേക്ക് പോയ സമയത്ത് തനിക്ക് ബാങ്കില്‍ ജോലി ലഭിച്ചെന്ന് പ്രതി അനുഷ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശത്തുനിന്ന് അരുണ്‍ മടങ്ങിയെത്തിയ ശേഷവും ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് അനുഷ തട്ടിപ്പ് തുടർന്നു.

Post a Comment

Previous Post Next Post